ലോകകപ്പിൽ കളിച്ച എട്ടു മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. അതും 16 പോയന്‍റുമായി ഒന്നാം സ്ഥാനക്കാരായി രാജകീയമായി തന്നെ സെമി പ്രവേശനം. എട്ടു മത്സരങ്ങളിൽനിന്ന് 12 പോയന്‍റുള്ള ദക്ഷിണാഫ്രിക്കയും സെമിയിലെത്തി.
ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരെ ജയം നേടിയാൽ മുൻ ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കും സെമി ഉറപ്പിക്കാനാകും. പോയന്‍റ് ടേബിളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ പ്രോട്ടീസോ, ഓസീസോ എത്തും. ഇരു ടീമുകളുടെയും അവസാന മത്സരത്തിലെ ഫലത്തെ ആശ്രയിച്ചിരിക്കും ഇത്. അവസാന നാലിൽ എത്തുന്ന നാലാമത്തെ ടീമിന്‍റെ ചിത്രമാണ് ഇനിയും തെളിയാനുള്ളത്. എട്ടു മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റ് വീതമുള്ള ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾക്കു പുറമെ, ഏഴു കളികളിൽനിന്ന് എട്ടു പോയന്‍റുള്ള അഫ്ഗാനും സെമി സാധ്യതയുണ്ട്.
ഈ മൂന്നു ടീമുകളിലൊന്ന് നാലാം സ്ഥാനക്കാരായി സെമിയിലെത്തും. ഇനിയുള്ള മത്സരങ്ങളെ കൂടി ആശ്രയിച്ചാണ് ഇവരുടെ ഭാവി തീരുമാനിക്കുക. ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകൾ ഇതിനകം സെമി കാണാതെ പുറത്തായ ടീമുകളാണ്. നാലാം സ്ഥാനക്കാരായി എത്തുന്ന ടീമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പാകിസ്താൻ സെമിയിലെത്തിയാൽ മറ്റൊരു ത്രില്ലർ പോരാട്ടത്തിനാകും ക്രിക്കറ്റ് ലോകം സാക്ഷിയായുക.
ഈമാസം 11ന് ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്താന്‍റെ അവസാന മത്സരം. ഒമ്പതിന് ശ്രീലങ്കക്കെതിരെയാണ് ന്യൂസിലൻഡിന്‍റെ അവസാന മത്സരം. ലങ്കക്കെതിരെ കീവീസ് തോൽക്കുകയും പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ ജയിക്കുകയും ചെയ്താൽ ടീമിന് 10 പോയന്‍റാകും. കൂടാതെ, ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അഫ്ഗാനെ പരാജയപ്പെടുത്തുകയും ചെയ്താൽ പാകിസാൻ സെമിയിലെത്തും.
അഫ്ഗാൻ ഏതെങ്കിലും ഒരു മത്സരം ജയിച്ചാൽ പാകിസ്താനും അഫ്ഗാനിസ്താനും 10 പോയന്‍റ് തുല്യമാകും. ഇതോടെ റൺ റേറ്റിൽ മുന്നിലുള്ള ടീം സെമിയിലെത്തും. അഫ്ഗാൻ ഓസീസിനെയും ദക്ഷിണാഫ്രിക്കയെയും തോൽപിച്ചാൽ 12 പോയന്‍റുമായി അവർ സെമി ഉറപ്പിക്കും.
ന്യൂസിലൻഡ് ലങ്കയെയും പാകിസ്താൻ ഇംഗ്ലണ്ടിനെയും തോൽപിക്കുകയും അഫ്ഗാൻ ഇനിയുള്ള രണ്ടു മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്താൽ പാകിസ്താനും കീവീസിനും 10 പോയന്‍റാകും. അങ്ങനെയെങ്കിൽ റൺ റേറ്റ് കൂടുതലുള്ള ടീം സെമിയിലെത്തും. നിലവിൽ റൺറേറ്റിൽ ന്യൂസിലൻഡാണ് (+ 0.398) പാകിസ്താനേക്കാൾ (+0.036) മുന്നിലുള്ളത്. റൺറേറ്റിൽ പാകിസ്താന് മുന്നിലെത്താൻ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വലിയ മാർജിനിൽ ജയിക്കണം. നിലവിൽ അഫ്ഗാന്‍റെ റൺറേറ്റ് -0.330 ആണ്.
ലങ്കക്കെതിരായ ന്യൂസിലൻഡ് മത്സരം മഴമൂലം ഉപേക്ഷിക്കുകയും പാകിസ്താൻ ഇംഗ്ലണ്ടിനെ തോൽപിക്കുകയും ചെയ്താൽ അവർക്ക് 10 പോയന്‍റാകും. രണ്ടു മത്സരങ്ങളിലൊന്ന് അഫ്ഗാൻ ജയിച്ചാൽ അവർക്കും 10 പോയന്‍റാകും. ഇതോടെ റൺറേറ്റ് വിജയികളെ തീരുമാനിക്കും. ഇനി പാകിസ്താന്‍റെയും ന്യൂസിലൻഡിന്‍റെയും മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ചാൽ റൺറേറ്റിൽ മുന്നിലുള്ള കീവീസിന് സെമിയിലെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.