ഐ.സി.സി അണ്ടർ-19 ലോകകപ്പ് ശ്രീലങ്കയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി

അഹമ്മദാബാദ്: ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) അണ്ടർ- 19 ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി. ശ്രീലങ്കൻ ക്രിക്കറ്റിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ ശ്രീലങ്കൻ സർക്കാറിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ക്രിക്കറ്റിനെ (എസ്.എൽ.സി) ഐ.സി.സി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ നവംബർ 10ലെ എസ്.എൽ.സി സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ചൊവ്വാഴ്ച അഹമ്മദാബാദിൽ ചേർന്ന ഐ.സി.സി യോഗത്തിൽ ശരിവെക്കുകയായിരുന്നു.

സസ്‌പെൻഷൻ പിൻവലിക്കാനാകില്ലെന്നത് ബോർഡ് ഏകകണ്ഠമായ തീരുമാനമായിരുന്നു. വിലക്കുണ്ടെങ്കിലും ശ്രീലങ്കയുടെ ക്രിക്കറ്റ് സാധാരണപോലെ മുന്നോട്ടുപോകുമെന്നാണ് വിവരം.ശ്രീലങ്കന്‍ ടീമിന് ഐ.സി.സി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും മത്സരിക്കാന്‍ തുടര്‍ന്നും സാധിക്കും. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും.

അണ്ടർ 19 ലോകകപ്പ് ജനുവരി 14 നും ഫെബ്രുവരി 15 നും ഇടയിലാണ് നടക്കേണ്ടിയിരുന്നത്. എസ്.എ 20 (ട്വന്റി 20) രണ്ടാം പതിപ്പ് നടക്കുന്നത് ഏതാണ്ട് അതേ സമയത്താണ്. ട്വന്റി 20 ലീഗിന്റെ മേൽനോട്ടം ഒരു സ്വതന്ത്രബോഡി നടത്തുന്നതിനാൽ രണ്ടും സമാന്തരമായി കൊണ്ടുപോകാൻ കഴിയുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സി.എസ്.എ) സി.ഇ.ഒ പറഞ്ഞു. ഒമാനിലും യു.എ.ഇയിലും നടത്താനുള്ള ഓപ്ഷനും പരിഗണിച്ചിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാൽ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - ICC shifts Men's Under 19 World Cup from Sri Lanka to South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.