ന്യൂയോർക്: ക്രിക്കറ്റ് ലോകകപ്പുകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ പലപ്പോഴും മാന്ത്രിക നിമിഷങ്ങൾ ഇന്ത്യൻ ആരാധകർക്ക് താരങ്ങൾ സമ്മാനിക്കാറുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഹാരിസ് റൗഫിന്റെ പന്തിൽ വിരാട് കോഹ്ലിയുടെ തകർപ്പൻ സ്ട്രെയിറ്റ് സിക്സ് ആരും മറക്കില്ല. 2003ലെ ഏകദിന ലോകകപ്പിൽ ശുഐബ് അക്തറിനെ ഞെട്ടിച്ച് പോയന്റിനു മുകളിലൂടെ സചിൻ ടെണ്ടുൽകറുടെ സ്ക്വയർ കട്ടും മനോഹരമായിരുന്നു.
1996ൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പിൽ ആമിർ സുഹൈലിനെ പുറത്താക്കിയുള്ള വെങ്കിടേഷ് പ്രസാദിന്റെ ‘യാത്രയയപ്പും’ ആരാധകർക്ക് ആവേശമുയർത്തുന്നതായിരുന്നു. പതിവ് വേദികൾ വിട്ട് ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുന്നു. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ് എയിലെ മിന്നും പോരാട്ടത്തിനാണ് നസ്സാവു കൗണ്ടി ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയാവുക.
ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക. പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്.
ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാകുമിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മറ്റ് കളികളിൽ രാവിലെ ആറിന് സി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ് യുഗാണ്ടയെയും രാത്രി 10.30ന് ബി ഗ്രൂപ്പിൽ ഒമാൻ സ്കോട്ട്ലൻഡിനെയും നേരിടും.
പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.
അയർലൻഡിനെതിരായ മത്സരത്തിൽ പിച്ച് ചെയ്ത പന്ത് അപ്രതീക്ഷിതമായാണ് രോഹിത് ശർമയുടെ ചുമലിൽ പതിച്ചത്. കഴിഞ്ഞ മത്സരത്തിലും ഇവിടെ കളിച്ച പരിചയം ഇന്ത്യക്ക് ഗുണകരമാകും. അമേരിക്കക്കെതിരായ തോൽവിക്കുശേഷം ഇവിടെയെത്തിയ പാകിസ്താന് കൂടുതൽ പരിശീലനത്തിനും സമയം ലഭിച്ചിട്ടില്ല. ടോസ് നിർണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നവർ തകർന്നടിയാനും സാധ്യതയുള്ള പിച്ചാണിത്.
അയർലൻഡിനെതിരെ പുറത്തിരുന്ന സ്പിന്നർ കുൽദീപിനെ ഇന്ന് കളിപ്പിക്കാനിടയുണ്ട്. പാക് ബാറ്റർമാർക്കെതിരെ കുൽദീപ് മികച്ച രീതിയിൽ പന്തെറിയാറുണ്ട്. ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പേസ് അറ്റാക്ക് നയിക്കുന്നത്. അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവരും കൂടെയുണ്ട്. അഞ്ചാമനായി ഒരു സ്പിന്നറുണ്ടാകും. ബാറ്റിങ്ങിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഓപണർമാരാകും. സഞ്ജു സാംസണ് അവസരം ലഭിക്കാനിടയില്ല. മൂന്നാം നമ്പറിൽ റിഷഭ് പന്തിറങ്ങും.
ഷഹീൻ അഫ്രീദി, നസീം ഷാ, മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിവരുടെ പേസ് ബൗളിങ് മികവ് പ്രവചനാതീതമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർക്ക് വിനയാകുമോയെന്ന ആശങ്കയുമുണ്ട്. സൂപ്പർ എട്ടിലേക്ക് പ്രതീക്ഷ കാക്കാൻ പാകിസ്താന് ജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.