ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ; റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ജയ്സ്വാളും കോഹ്ലിയും

മുംബൈ: ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ. ഇന്ത്യയുടെ തന്നെ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറ ഒന്നാമതെത്തിയത്.

ബാറ്റർമാരിൽ യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും നേട്ടമുണ്ടാക്കി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് തുണയായത്. 870 പോയന്റുള്ള ബുംറക്ക് പിന്നിൽ ഒരു പോയന്റ് മാത്രം വ്യത്യാസത്തിലാണ് അശ്വിനുള്ളത്. ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്രീലങ്കയുടെ ഇടംകൈയൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഏഴാംസ്ഥാനത്തേക്ക് കയറി. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 18 വിക്കറ്റുകളാണ് താരം നേടിയത്.

ടെസ്റ്റ് ബൗളിങ് റൗങ്കിങ്ങിൽ ആസ്ട്രേലിയയുടെ ജോഷ് ഹേസൽ വുഡ് മൂന്നാമതും പാറ്റ് കമ്മിൻസ് നാലാമതുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ അഞ്ചാമതും രവീന്ദ്ര ജദേജ ആറാമതുമാണ്. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച യശസ്വി ജയ്സ്വാൾ ബാറ്റിങ് റാങ്കിങ്ങിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്തേക്ക് കയറി. പരമ്പരയിൽ മൂന്നു അർധ സെഞ്ച്വറികൾ ഉൾപ്പെടെ 189 റൺസാണ് താരം നേടിയത്. താരത്തിന്‍റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്.

ബാറ്റിങ്ങിൽ ഇംഗ്ലീഷ് താരം ജോറൂട്ടാണ് ഒന്നാംസ്ഥാനത്ത്. ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസ് രണ്ടാമതും. കോഹ്ലി ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം ആറാം സ്ഥാനത്താണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒമ്പതാമതുണ്ട്. ഈ വർഷം ഫ്രെബുവരിയിൽ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളറായി ബുംറ മാറിയിരുന്നു. മുമ്പ് 1979-1980 സീസണിൽ കപിൽ ദേവ് രണ്ടാമതെത്തിയതായിരുന്നു പേസ് ബൗളിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.

Tags:    
News Summary - ICC Test Bowler, Jasprit Bumrah Takes No. 1 Spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.