ഇന്ത്യ -ബംഗ്ലാദേശ് ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിന്റെ ഗാലറി അപകടാവസ്ഥയിൽ; ഭാഗികമായി അടച്ചിടാൻ നിർദേശം

കാൺപുർ: ഇന്ത്യ -ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നടക്കുന്ന കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ ഗാലറി അപകടാവസ്ഥയിൽ. ഉത്തർപ്രദേശ് പി.ഡബ്ല്യു.ഡി ഇക്കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെ അറിയച്ചിട്ടുണ്ട്. ഇതോടെ ഗാലറിയുടെ ഒരുഭാഗം അടച്ചിടാൻ അസോസിയേഷൻ നിർദേശിച്ചു. ഈ ഭാഗത്തേക്കുള്ള ടിക്കറ്റുകൾ വിൽക്കില്ല. 4800 പേർക്ക് ഇരിക്കാവുന്ന ബാൽക്കണി സിയിൽ 1700 ടിക്കറ്റുകൾ മാത്രമേ വിൽക്കുകയുള്ളൂവെന്നും അടുത്ത രണ്ട് ദിവസം കൂടി അറ്റകുറ്റപ്പണി നടക്കുമെന്നും അധികൃതർ അറിയിച്ചു.

ക്രിക്കറ്റ് അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സ്റ്റേഡിയമെന്നും മത്സരത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും സി.ഇ.ഒ അങ്കിത് ചാറ്റർജി വ്യക്തമാക്കി. സ്റ്റാൻഡ്സിനു പുറമെ ഫ്ളഡ് ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നു. വി.ഐ.പി പവിലയനു സമീപത്തെ ഫ്ളഡ് ലൈറ്റിലെ എട്ട് ബൾബുകളാണ് കത്താത്തത്. അന്തരീക്ഷ മലിനീകരണം കാരണം സ്റ്റേഡിയത്തിൽ പലപ്പോഴും വെളിച്ചക്കുറവ് ഉണ്ടാകാറുണ്ട്. വെളിച്ചക്കുറവ് പ്രശ്നമായതിനെ തുടർന്ന് ന്യൂസിലൻഡിനെതിരെ ഇതേ വേദിയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

അതേസമയം ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തിൽ വമ്പന്ത്സ മാർജിനിൽ ജയിച്ചതോടെ ടീം 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും വിജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപിലെ പോയിന്റ് നില ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറിയും ആറ് വിക്കറ്റും പിഴുത രവിചന്ദ്രൻ അശ്വിന്റെ ഓൾറൗണ്ട് പ്രകടന മികവ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. രണ്ടാം ഇന്നിങ്സിൽ ശുഭ്മൻ ഗില്ലും ഋഷഭ് പന്തും സെഞ്ച്വറി നേടിയിരുന്നു. 280 റൺസിനാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാനും ഇന്ത്യക്കായി. 

Tags:    
News Summary - Ind vs Ban, 2nd Test: To Avoid Major Tragedy, UP Cricket Association Asked To Close Part Of 'Dangerous' Stand At Kanpur Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.