അഹമ്മദാബാദ്: ലോകകപ്പിൽ ഇന്ത്യയോട് തുടർച്ചയായ എട്ടാം തോൽവിയേറ്റുവാങ്ങിയിരിക്കുകയാണ് അയൽക്കാരും ബദ്ധവൈരികളുമായ പാകിസ്താൻ. മത്സരത്തിൽ പാകിസ്താനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം ആഘോഷിച്ചിരുന്നു. എന്നാൽ, പാകിസ്താൻ - ഇന്ത്യ ആവേശപ്പോര് ചില വിവാദങ്ങൾക്കും കാരണമാവുകയുണ്ടായി.
മത്സരത്തിനിടെ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നേരെ ജയ് ശ്രീരാം മുഴക്കിയ സംഭവവും ടോസിനിടെ ബാബര്‍ അസം സംസാരിക്കുമ്പോൾ ബഹളമുണ്ടാക്കിയതും പുറത്തായി പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് റിസ്വാനെ കൂക്കി വിളിച്ചതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ വിമർശനങ്ങളുയരുകയും ചെയ്തു. അതുപോലെ, പാകിസ്ഥാന്‍ ആരാധകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതും വാർത്തയായി മാറിയിരുന്നു.
തങ്ങളുടെ താരങ്ങൾക്ക് നേരെയുണ്ടായ ഇത്തരം സമീപനങ്ങൾക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) സമീപിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ അവർ ഐ.സി.സിക്ക് ഔദ്യോഗിക പരാതി നൽകിയിരിക്കുകയാണ്. ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, മത്സരത്തിനി ള്ള സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പരാതി നൽകാൻ പിസിബി മുന്നോട്ടുവന്നത്.
കാണികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റിലെ ഐ.സി.സിയുടെ വിവേചന വിരുദ്ധ നയത്തിലെ സെക്ഷൻ 11 ഐ.സി.സിക്ക് അയച്ച പരാതിയിൽ പി.സി.ബി പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കാണികൾ നടത്തുന്ന അനുചിതമായ പെരുമാറ്റം തടയുന്നതിന് ആവശ്യമായ നടപടികൾ ഐ.സി.സി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പാകിസ്താൻ ആരാധകർക്ക് വിസ അനുവദിക്കാത്തതിനെ കുറിച്ചും പി.സി.ബി പരാതിയിൽ പരാമർശിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകർക്ക് മാത്രമാണ് വിസ അനുവദിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ, പാകിസ്ഥാന്‍ കോച്ചിങ് സ്റ്റാഫിലെ അംഗങ്ങളായ ഗ്രാന്റ് ബ്രാഡ്ബേണും മിക്കി ആര്‍തറും സംഭവത്തെ അപലപിച്ചിരുന്നു. ലോകകപ്പ് ഒരു ഐ.സി.സി ഇവന്റായി തോന്നുന്നില്ലെന്നും ബി.സി.സി.ഐ പരിപാടി പോലെ തോന്നിയെന്നുമായിരുന്നു മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.