മോദി സ്റ്റേഡിയത്തിൽ വിളയാടി മോഷ്ടാക്കൾ

അഹ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ ശനിയാഴ്ച ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മോഷ്ടാക്കൾ വിളയാടി. ലക്ഷത്തിലധികം കാണികളെത്തിയ മത്സരത്തിനിടെ ബോളിവുഡ് നടിയടക്കം നൂറിലധികം പേരുടെ ഫോണുകൾ കവർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ആരാധകരാണ് സമൂഹ മാധ്യമമായ എക്‌സിൽ വിഷയം ഉന്നയിച്ചത്.

കൂട്ടത്തിൽ ബോളിവുഡ് നടി ഉർവശി റൗട്ടേലയുമുണ്ട്. ‘അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവെച്ച് എന്റെ 24 കാരറ്റുള്ള യഥാർഥ സ്വർണ ഐഫോൺ നഷ്ടപ്പെട്ടു! ആരെങ്കിലും അത് കണ്ടാൽ ദയവായി സഹായിക്കൂ. എത്രയും വേഗം എന്നെ ബന്ധപ്പെടുക! സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും ടാഗ് ചെയ്യുക’-ഉർവശി ട്വീറ്റ് ചെയ്തു. ഐഫോണുകളാണ് കൂടുതലും മോഷ്ടിക്കപ്പെട്ടത്. 24 പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിലാണ് ഉർവശിയുടെ പരാതി. ‘നരേന്ദ്ര മോദി സ്റ്റേഡിയം ഗേറ്റ് നമ്പർ ഒന്നിന് പുറത്തുവെച്ച് എന്റെ ഐഫോൺ നഷ്ടപ്പെട്ടു. ആരോ എന്റെ ബാഗിൽനിന്ന് അത് മോഷ്ടിച്ചു. എന്റെത് മാത്രമല്ല, ഇന്നത്തെ മത്സരത്തിന് ശേഷം നൂറുകണക്കിന് ആളുകൾക്ക് ഫോണുകൾ നഷ്ടപ്പെട്ടു. ഇത് ദയനീയമാണ്. ഗേറ്റിൽ അരാജകത്വമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആരുമില്ലായിരുന്നു. ഒരു നല്ല ദിവസം മോശമായ കുറിപ്പിൽ അവസാനിച്ചു!’ -ഇഷാൻ യാദവ് എന്നയാൾ എക്സിൽ എഴുതി.

മോഷ്ടിച്ച സാധനങ്ങളുടെ നഷ്ടം കണക്കാക്കിയും മറ്റു തെളിവുകൾ അടിസ്ഥാനമാക്കിയും പരാതികൾ വന്നിട്ടുണ്ടെന്നും കൂടുതൽ പേർ രംഗത്തുവരാൻ സാധ്യതയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മോദി സ്റ്റേഡിയത്തിന് സമീപത്തുനിന്ന് പ്രതികളെന്ന് സംശയിക്കുന്ന 55ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐ.എം.ഇ.ഐ നമ്പറിന്റെ സഹായത്തോടെ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലായിരുന്നു മത്സരം.

Tags:    
News Summary - Ind vs Pak, CWC 2023: Several iPhones Stolen During High-Profile Match At Narendra Modi Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.