അഡ്ലെയ്ഡ്: ആസ്ട്രേലിയൻ മണ്ണിൽ ആദ്യമായി പിങ്ക് പന്തിൽ രാപ്പകൽ ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി. ആദ്യ ഓവറിൽതന്നെ വിക്കറ്റ് നഷ്ടമായി തുടങ്ങിയ ഇന്ത്യ ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ സമ്പാദിച്ചത് 233 റൺസ്. അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിക്കു പുറമെ, ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമാണ് വൻഅപകടത്തിൽനിന്ന് കരകയറ്റിയത്. പിങ്കുപന്തിൽ കളിക്കേണ്ടത് എങ്ങനെയെന്ന ആശയക്കുഴപ്പം ഇന്ത്യൻ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ അതികായന്മാരായ ബോർഡറുടെയും ഗവാസ്കറുടെയും പേരിൽ നടത്തുന്ന ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ ഇറങ്ങുമ്പോൾ ചരിത്രംതന്നെയായിരുന്നു മുന്നിൽ. പിങ്കുപന്തിൽ ഒരു വർഷം മുമ്പ് ബംഗ്ലാദേശിനെതിരെ കളിച്ച ഏക ടെസ്റ്റിെൻറ അനുഭവമേ ഇന്ത്യക്കുള്ളൂ. മറുവശത്ത് ആസ്ട്രേലിയ അക്കാര്യത്തിൽ സമ്പന്നരാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ നടന്ന 14 പകൽ-രാത്രി മത്സരങ്ങളിൽ ഏഴിലും ഒരുവശത്ത് ഓസീസായിരുന്നു. അതിൽ ഏഴിലും അവർതന്നെ വിജയിച്ചു. അതേസമയം, ടെസ്റ്റിൽ ടോസ് നേടിയപ്പോഴൊന്നും തോറ്റിട്ടില്ലെന്ന ചരിത്രവീര്യവുമായാണ് ടോസ് നേടി കോഹ്ലി ബാറ്റിങ്ങിനിറങ്ങിയത്. 25 മത്സരങ്ങളിൽ ടോസ് നേടിയ കോഹ്ലി 21 ലും ജയിച്ചതാണ് റെക്കോഡ്. ശേഷിച്ച നാലെണ്ണം സമനിലയിലുമായി. ആ ആത്മവിശ്വാസത്തിലായിരുന്നു കോഹ്ലി ടോസ് നേടിയപ്പോൾ ബാറ്റിങ്ങിനിറങ്ങിയത്.
സമീപകാലത്തൊന്നും ഫോമിലെത്താൻ കഴിയാതെ ഐ.പി.എല്ലിലടക്കം തപ്പിത്തടഞ്ഞ പൃഥ്വി ഷായെയാണ് മായങ്ക് അഗർവാളിനൊപ്പം ഇന്നിങ്സ് തുടങ്ങാൻ ബാറ്റുംകൊടുത്ത് പറഞ്ഞുവിട്ടത്. പിങ്കുപന്തിലെ സന്നാഹ മത്സരത്തിൽ ഓപണിങ്ങിൽ മിന്നിയ ശുഭ്മാൻ ഗില്ലിനെയും പരിചയസമ്പന്നനായ ലോകേഷ് രാഹുലിനെയും പുറത്തിരുത്തിയാണ് ഷായെ ടീമിലെടുത്തത്. പക്ഷേ, ഐ.പി.എല്ലിൽ തുടരെ കാഴ്ചവെച്ച പിഴവ് രണ്ടാം പന്തിൽതന്നെ ആവർത്തിച്ചപ്പോൾ മിച്ചൽ സ്റ്റാർക്കിെൻറ പന്ത് ഷായുടെ കുറ്റി പിഴുതുമാറ്റി. ബാറ്റിൽ തട്ടിയ പന്ത് പാഡിനും ബാറ്റിനുമിടയിലെ ഗ്യാപിലൂടെ സ്റ്റംപ് പിഴുതു മാറ്റുകയായിരുന്നു. സ്കോർ ബോർഡ് അപ്പോൾ ശൂന്യം.
അടുത്ത ഊഴം മായങ്ക് അഗർവാളിേൻറതായിരുന്നു. 19ാമത്തെ ഓവറിൽ പാറ്റ് കമ്മിൻസ് വില്ലനായി അവതരിച്ചു. കമ്മിൻസിെൻറ ഒന്നാന്തരം സ്വിങ്ങർ അഗർവാളിെൻറ ബാറ്റിനും പാഡിനുമിടയിൽ തുറന്നുകിടന്ന വിശാലതയിലൂടെ മിഡിൽ സ്റ്റംപ് പറിച്ചെറിഞ്ഞു.
രാഹുൽ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വന്മതിൽ പണിയുന്ന ജോലി ഇന്ത്യ ഏൽപ്പിച്ചിരിക്കുന്നത് ചേതേശ്വർ പുജാരയെയാണ്. ആ മെല്ലെപ്പോക്ക് ഐ.പി.എല്ലിൽ എടുക്കാച്ചരക്കാക്കിയെങ്കിലും ടെസ്റ്റിൽ പുജാരതന്നെ വിലപിടിപ്പുള്ള താരം. രണ്ടു വിക്കറ്റ് വീണ ആവേശത്തിൽ പന്തെറിഞ്ഞ ഓസീസിനെ ചെറുത്തുനിന്നത് ചേതേശ്വർ പുജാരയുടെ ക്ഷമ തന്നെയായിരുന്നു. ക്യാപ്റ്റൻ കോഹ്ലിയും അക്രമോത്സുകത വെടിഞ്ഞു ഒപ്പം നിന്നപ്പോൾ കൂടുതൽ അനിഷ്ട സംഭവങ്ങളിൽനിന്ന് ഇന്ത്യ കരകയറി തുടങ്ങിയതാണ്. അതിനിടയിൽ ലിയോണിനെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് പുജാര ഗിയർ മാറ്റിത്തുടങ്ങി.
സ്കോർ 100ൽ എത്തിയപ്പോൾ അപകടം സംഭവിച്ചു. നഥാൻ ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പ്രതിരോധിക്കാൻ ശ്രമിച്ച പുജാരയുടെ പാഡിലാണോ ബാറ്റിലാണോ എന്നു സംശയിക്കുന്ന പന്ത് ലെഗ് ഗള്ളിയിൽ ലെബുഷാനെ കൈയിലൊതുക്കി. അമ്പയർ ഔട്ട് വിളിച്ചില്ലെങ്കിലും പുജാരയുടെ സന്ദേഹം ഓസീസിനെ റിവ്യുവിന് പ്രേരിപ്പിച്ചു. റീപ്ലേയിൽ ഔട്ട്. ഇന്ത്യ മൂന്നിന് 100. മൂന്നാം വിക്കറ്റിൽ 68 റൺസാണ് ഇരുവരും ചേർന്നുറപ്പിച്ചത്. അജിൻക്യ രഹാനെയിലായിരുന്നു പിന്നെ പ്രതീക്ഷ. ക്യാപ്റ്റനൊപ്പം ചേർന്ന രഹാനെയുടെ ബാറ്റിങ് കുറച്ചുകൂടി അനായാസമായിരുന്നു. ഇന്നിങ്സിലെ ഏക സിക്സർ പറത്തിയതും രഹാനെ. 76ാം ഓവറിൽ പാറ്റ് കമ്മിൻസിെൻറ ഷോർട് ബോളിലായിരുന്നു അത്.
അതിനിടയിൽ കോഹ്ലി 23ാമത്തെ അർധ സെഞ്ച്വറിയും പേരിൽ ചേർത്തു. പക്ഷേ, 77ാം ഓവറിൽ ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടി. നഥാൻ ലിയോണിെൻറ പന്ത് ഓഫ് ഡ്രൈവ് ചെയ്ത് റണ്ണിനായി ഓടിത്തുടങ്ങിയ രഹാനെ ആ നീക്കം ഉപേക്ഷിച്ച് കോഹ്ലിയെ തിരിച്ചയക്കാൻ ശ്രമിക്കുമ്പോഴേക്കും കോഹ്ലി ക്രീസിെൻറ മധ്യഭാഗത്തെത്തിയിരുന്നു. ഹേസ്ൽവുഡ് പിടിച്ചെടുത്ത പന്ത് ലിയോണിെൻറ കൈയിലേക്ക്. കോഹ്ലിക്ക് തിരികെ കയറാൻ പോലും കഴിയുന്നതിനു മുമ്പ് റണ്ണൗട്ട്. 180 പന്തിൽ 74 റൺസായിരുന്നു കോഹ്ലിയുടെ സ്കോർ.
അതേസമയം, തെൻറ കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി ചേർത്താണ് നായകൻ മടങ്ങിയത്. കോഹ്ലി ഒരു ഗ്രൗണ്ടിൽ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നത് അഡ്ലെയ്ഡിലാണ്. 505 റൺസാണ് താരത്തിെൻറ സമ്പാദ്യം. ന്യൂഡൽഹിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിലെ 467 റൺസായിരുന്നു നിലവിലെ ഏറ്റവും വലിയ സ്കോർ. നേരത്തെ മൂന്ന് സെഞ്ച്വറികൾ കോഹ്ലി അഡ്ലെയ്ഡിലെ ടെസ്റ്റ് മത്സരങ്ങളിൽ സ്വന്തമാക്കിയിരുന്നു.
നായകനെ വീഴ്ത്തിയതിെൻറ കുറ്റബോധം രഹാനെയുടെ ബാറ്റിങ്ങിലും കാണാമായിരുന്നു. 92 പന്തിൽ 42 റൺസെടുത്ത രഹാനെയെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കി. റിവ്യൂവിലും ഔട്ട്. ഹനുമാ വിഹാരിക്കും അധികം ആയുസ്സുണ്ടായില്ല. 25 പന്തിൽ 16 റൺസുമായി ഹേസൽവുഡിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.
ആദ്യദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് കീപ്പൻ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ (9) രവിചന്ദ്ര അശ്വിൻ (15) എന്നിവരാണ് ക്രീസിൽ. മിച്ചൽ സ്റ്റാർക്ക് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹേസൽവുഡ്, കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.