പെർത്ത്: മലയാളിക്കരുത്തായ മിന്നുമണി 10 വിക്കറ്റുമായി മികവു കാട്ടിയിട്ടും തോൽവി തുറിച്ചുനോക്കി ഇന്ത്യൻ വനിതകൾ. ആസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ഇന്ത്യ എ വനിതകൾ കൂട്ടമായി വിക്കറ്റ് കളഞ്ഞ് തോൽവിക്കരികിൽ നിൽക്കുന്നത്. നാല് വിക്കറ്റ് ബാക്കിനിൽക്കെ ജയിക്കാൻ 140 റൺസ് കൂടി വേണം. രഘ്‍വി ബിസ്തും (16 റൺസ്) ഉമ ചേത്രിയും (10) ആണ് ക്രീസിൽ.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസുമായി മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ആതിഥേയർക്കായി മാഡി ഡാർക്ക് നിറഞ്ഞാടിയതാണ് ഇന്ത്യൻ പ്രതീക്ഷകൾ നിറം കെടുത്തിയത്. സെഞ്ച്വറി പിന്നിട്ടും പുറത്താകാതെ നിന്ന താരം105 റൺസ് ചേർത്തപ്പോൾ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയ മിന്നുമണി ടെസ്റ്റിലെ സമ്പാദ്യം 11 ആക്കി. ഒമ്പതാം വിക്കറ്റിൽ ഗ്രേസ് പാർസൺസിനെ (35) കൂട്ടി ഡാർക് അടിച്ചുകയറിയപ്പോൾ ഓസീസ് രണ്ടാം ഇന്നിങ്സ് 92 ഓവറിൽ മികച്ച ടോട്ടലായ 260 റൺസിലെത്തി.
മറുപടി ബാറ്റിങ്ങിൽ പ്രിയ പൂനിയ (36), ശ്വേത സെഹ്റാവത്ത് എന്നിവർ ചേർന്ന ഓപണിങ് കൂട്ടുകെട്ട് മികച്ച തുടക്കവുമായി മുന്നോട്ടുപോയെങ്കിലും സ്കോർ 37ൽ നിൽക്കെ ഓസീസ് ക്യാപ്റ്റൻ ചാർലിയുടെ ഏറിൽ സെഹ്റാവത്ത് മടങ്ങി. ശുഭ സതീഷ് (45) എത്തിയതോടെ കൂട്ടുകെട്ട് അർധ സെഞ്ച്വറി തികച്ചെങ്കിലും വൈകാതെ വീണു. പിന്നീടെല്ലാം എളുപ്പത്തിലായിരുന്നു. 57ാം ഓവറിൽ സ്കോർ 130ൽ നിൽക്കെ അഞ്ചാം വിക്കറ്റും വീണ് ഇന്ത്യ സമ്മർദത്തിലായി. സജീവൻ സജന കൂടി വൈകാതെ മടങ്ങിയത് തോൽവി അതിവേഗത്തിലാകുമോ എന്ന ആധി പരത്തി. എന്നാൽ, പിടിച്ചുനിന്ന രഘ്‍വിയും ഉമയും ചേർന്ന് കളി നയിച്ചപ്പോൾ കൂടുതൽ നഷ്ടങ്ങളില്ലാതെ സ്റ്റമ്പെടുത്തു.
സ്കോർ: ആസ്ട്രേലിയ എ -212, 260. ഇന്ത്യ എ -184, 149/6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.