കാൻഡി: ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരിനു മുന്നോടിയായി ഇരുടീമുകളിലെയും താരങ്ങൾ പരിശീലനത്തിനിടെ സൗഹൃദം പങ്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശ്രീലങ്കയിലെ കാൻഡിയിൽ ശനിയാഴ്ച വൈകിട്ട് 3.00 മുതലാണു മത്സരം.
മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ഇരു ടീമുകളും വെള്ളിയാഴ്ച വൈകീട്ട് ഒരുമിച്ചാണ് പരിശീലനത്തിന് ഇറങ്ങിയത്. ഗ്രൗണ്ടിലെത്തിയ പാക് താരം ഹാരിസ് റൗഫിനെ കെട്ടിപ്പിടിച്ചും കൈ കൊടുത്തുമാണ് സൂപ്പർതാരം വിരാട് കോഹ്ലി സൗഹൃദം പുതുക്കിയത്. അൽപനേരം സംസാരിച്ചാണ് ഇരുവരും പിരിഞ്ഞത്.
ഡ്രസിങ് റൂമിനു സമീപത്തെത്തിയ കോഹ്ലി പാക് പേസർ ഷഹീൻ ഷാ അഫ്രീദി, ഷദബ് ഖാൻ എന്നിവരുമായും സംസാരിച്ചു. നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിനിടെ നായകൻ രോഹിത് ശർമയും പാകിസ്താൻ നായകൻ ബാബർ അസമും സൗഹൃദം പങ്കിട്ടു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അവരുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് ഇതിന്‍റെ വിഡിയോ പങ്കുവെച്ചത്.
2019ലാണ് അവസാനമായി ഇന്ത്യയും പാകിസ്താനും തമ്മിൽ ഏകദിനം കളിച്ചത്. മഴ മൂലം 50 ഓവർ മത്സരം സാധ്യമല്ലെങ്കിൽ 20 ഓവർ മത്സരമെങ്കിലും നടത്താനാകും ശ്രമം. അതും നടന്നില്ലെങ്കിൽ ഇരുടീമിനും ഓരോ പോയന്‍റ് വീതം ലഭിക്കും. ഇതോടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച പാകിസ്താൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.