മുംബൈ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിന്റെ ചിത്രങ്ങൾ തെളിഞ്ഞുവരുമ്പോൾ അവസാന നാലിലെത്താൻ നാല് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് അരയും തലയും മുറുക്കുന്നത്. പോയിന്റിൽ ഏഴു എട്ടും സ്ഥാനത്തുള്ള ശ്രീലങ്കക്കും നെതർലാൻഡ്സിനും വരെ വിദൂരമാണെങ്കിലും സാധ്യത ഒളിഞ്ഞുകിടപ്പുണ്ട്.
12 പോയിന്റുമായ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറെ കുറേ സേഫ് സോണിലാണെന്ന് പറയാം. ആറ് മത്സരങ്ങളിൽ ആറും ജയിച്ച ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെ തോൽപ്പിക്കാനായാൽ 14 പോയിന്റുമായി ആധികാരികമായി സെമി ഫൈനൽ ഉറപ്പിക്കാം.
ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ആസ്ട്രേലിയക്ക് ഇംഗ്ലണ്ട്, അഫ്ഗാനിസ്താൻ, ബംഗ്ലേദേശ് എന്നിവരാണ് അടുത്ത എതിരാളികൾ. രണ്ടു മത്സരങ്ങൾ ജയിച്ചാൽ തന്നെ സെമിയിൽ കടക്കാനായേക്കും.
എന്നാൽ കടുത്ത പരീക്ഷണം നേരിടുന്നത് ന്യൂസിലൻഡാണ്. തുടർച്ചയായ നാല് ജയം നേടി ലോകകപ്പിൽ വരവറിയിച്ച കീവീസ് തുടർച്ചയായി മൂന്ന് തോൽവി ഏറ്റുവാങ്ങിയതോടെ സ്ഥിതി പരുങ്ങലിലായി. എട്ടു പോയിന്റുള്ള ന്യൂസിലാൻഡിന് ഇനി രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ശ്രീലങ്കയും പാകിസാതാനുമാണ് എതിരാളികൾ. പാകിസ്താനുമായുള്ള മത്സരമാണ് അതി നിർണായകം.
ആറ് പോയിന്റുള്ള പാകിസ്താന് ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ സെമി സാധ്യതയുണ്ട് എന്നതിനാൽ ന്യൂസിലാൻഡിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യമിടില്ല. ടൂർണമന്റെിൽ നിന്ന് പുറത്തായ ഇംഗ്ലണ്ടാണ് പാകിസ്താെന്റ മറ്റൊരു എതിരാളി.
ആറ് പോയിന്റാണെങ്കിലും റൺറേറ്റിൽ പാകിസ്താന് പിറകിലുള്ള അഫ്ഗാനിസ്താന് ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. നെതർലാൻഡ്സും ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് എതിരാളികൾ. ടൂർണമന്റെിലുടനീളം അട്ടിമറികളെ കൊണ്ട് ഞെട്ടിച്ച അഫ്ഗാൻ മൂന്നിൽ രണ്ട് ജയമെങ്കിലും നേടിയാൽ സെമി സാധ്യതയുണ്ട്.
നാല് പോയിന്റ് മാത്രമാണെങ്കിലും മൂന്ന് മത്സരങ്ങൾ ബാക്കിയുള്ള നെതർലാൻഡിനും ശ്രീലങ്കക്കും ഇനിയുള്ള മത്സരം മുഴുവൻ ജയിച്ചാൽ മറ്റുള്ള ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ച് വിദൂര സാധ്യതയും തള്ളികളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.