തിരുവനന്തപുരം: ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ നാലാം ടി-20ക്ക് ആദ്യ പന്തെറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരുടെയും കണ്ണുകൾ പിച്ചിലേക്കാണ്. ഏകദിന, ടി-20 മത്സരങ്ങൾക്കായി ഇന്ത്യയിലെ ഭൂരിഭാഗം ഗ്രൗണ്ടുകളും ബാറ്റർക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കാറെങ്കിലും ഗ്രീൻഫീൽഡിൽ ഇതുവരെയുള്ള അനുഭവം വ്യത്യസ്തമായിരുന്നു. റണ്ണൊഴുകുമെന്ന് ക്യൂറേറ്ററും കെ.സി.എയും പ്രവചിക്കുമെങ്കിലും ഒഴുകാറുള്ളത് ബാറ്റുമായി ഇറങ്ങുന്നവരുടെ ചോരയും നീരുമാണ്. ത്അസ
തുകൊണ്ടുതന്നെ ഗ്രീൻഫീൽഡിലെ പിച്ചുകളെ ലോ സ്കോറിങ് പിച്ചുകളായും ബൗളർമാരുടെ പറുദീസയുമായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ലോകകപ്പിനോടനുബന്ധിച്ച് ഐ.സി.സി പുറത്തിറക്കിയ ബുക്ക് ലെറ്റിലും കാര്യവട്ടത്തിനെതിരെ ഈ വിധിയെഴുത്തുണ്ടായിരുന്നു. പകൽവെട്ടത്തിൽ ബാറ്റർമാർക്ക് വളക്കൂറുള്ള പിച്ചുകൾ ഫ്ലൈഡ് ലൈറ്റിൽ ശവപ്പറമ്പാകുകയാണ് പതിവ്. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലും ഇത് വ്യക്തമായിരുന്നു. അന്ന് പകൽവെട്ടത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ്. കോഹ്ലിയുടെയും (166*) ശുഭ്മാൻ ഗില്ലിന്റെയും (116) സെഞ്ച്വറികളായിരുന്നു പ്രത്യേകത. ഫ്ലഡ്ലൈറ്റിൽ ബാറ്റെടുത്ത ശ്രീലങ്കയാകട്ടെ 22 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായതോടെ ആരാധകരും കെ.സി.എയും ഒരുമിച്ച് തലയിൽ കൈവെക്കുകയായിരുന്നു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ഗ്രീൻഫീൽഡ് ശ്രീലങ്കക്ക് സമ്മാനിച്ചത്. ഇതുവരെ കാര്യവട്ടത്ത് നടന്ന ടി-20 മത്സരങ്ങളിൽ 2019ൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസ് നേടിയ 173 റൺസാണ് ഉയർന്ന സ്കോർ. 2017ൽ ഇവിടെ നടന്ന ആദ്യ ടി-20 മത്സരത്തിൽ മഴമൂലം എട്ടോവറായി ചുരുക്കിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നേടാനായത് 61 റൺസ്.
2019ൽ നടന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റീൻഡിസ് 104 റൺസിന് എല്ലാവരും പുറത്തായപ്പോൾ ഇന്ത്യ 14.5 ഓവറിൽ സൂര്യാസ്തമയത്തിന് മുമ്പ് കളി തീർത്തു. 2019ൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി-20ലാണ് ആദ്യമായി ഗ്രീൻഫീൽഡിൽ ഒരു ടീം 150 കടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 2022ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരവും ആരാധകർക്ക് സമ്മാനിച്ചത് കനത്ത നിരാശയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് സംഘത്തിന് ഇന്ത്യൻ ബൗളർമാർക്കെതിരെ നേടാനായത് കേവലം 106 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയും ചെയ്തു.
ടി-20യിൽ ഇത്തരം ലോ റൺസ് പിച്ചുകൾ ഒരുക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കെ.സി.എക്കെതിരെ വ്യാപക വിമർശനമാണ് അന്ന് ആരാധകർ അഴിച്ചുവിട്ടത്. ഇത്തരം വിമർശനങ്ങൾക്ക് ഇന്നത്തെ മത്സരത്തിലൂടെ മറുപടി നൽകാനുള്ള തയാറെടുപ്പിലാണ് കെ.സി.എ ക്യൂറേറ്റർ ബിജു. മഴ ചതിച്ചില്ലെങ്കിൽ നല്ലൊരു മത്സരമാകും ഇത്തവണത്തേതെന്ന് ഉറപ്പാണെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആരാധകർക്ക് നൽകുന്നത്. അതുകൊണ്ട് ക്രിക്കറ്റ് പ്രേമികളേ ഗ്രീൻഫീൽഡിലേക്ക് കമോൺ...
തിരുവന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ രണ്ടാം അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിനോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി. ആറ്റിങ്ങൽ ഭാഗത്തു നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ് നിന്ന് തിരിഞ്ഞ് ചന്തവിള-കാട്ടായിക്കോണം-ചേങ്കോട്ടുകോണം-ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.
ആറ്റിങ്ങൽ ഭാഗത്തു നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന ലൈറ്റ് വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് റോഡിലൂടെ മുക്കോലയ്ക്കൽ-കുളത്തൂർ-മൺവിള-ചാവടിമുക്ക് വഴി പോകണം. കഴക്കൂട്ടം ഭാഗത്തേയ്ക്ക് പോകേണ്ട ലൈറ്റ് വാഹനങ്ങൾ ചാവടിമുക്കിൽ നിന്ന് തിരിഞ്ഞ് എൻജിനീയറിങ് കോളജ്-മൺവിള-കുളത്തൂർ-മുക്കോലയ്ക്കൽ വഴി യാത്ര തുടരണം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഉള്ളൂർ നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപാസിലെത്തി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട് 9497930055, 9497987001, 9497990006, 9497990005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
നോപാർക്കിങ്
അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ജങ്ഷൻ കുമഴിക്കര ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഗേറ്റ് ഒന്ന് മുതൽ നാല് വരെ എൽ.എൻ.സി.പി.ഇയുടെ പുറകുവശം കുരിശടി ജങ്ഷൻ വരെയുള്ള റോഡ് (ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്) കാര്യവട്ടം ജങ്ഷനിൽ നിന്ന് എൽ.എൻ.സി.പി.ഇ-കുരിശടി ജങ്ഷൻ-പുല്ലാന്നിവിള വരെയുള്ള റോഡ് കാര്യവട്ടം ജങ്ഷൻ -കഴക്കുട്ടം ജങ്ഷൻ വരെയുള്ള ദേശീയപാതയുടെ ഇരുവശവും പാർക്കിങ് നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.