ഇന്ത്യൻ നായകൻ
രോഹിത് ശർമ
പരിശീലനത്തിൽ
അഡലെയ്ഡ്: ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരവും കൈപ്പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ആസ്ട്രേലിയക്കെതിരെ വെള്ളിയാഴ്ച ഇറങ്ങുന്നു. പിങ്ക് ബാൾ ടെസ്റ്റ് ആസ്ട്രേലിയയിൽ പകൽ -രാത്രി മത്സരമാണ്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ആദ്യ ഇലവനിൽ തിരിച്ചെത്തും.
ഇതോടെ ബാറ്റിങ് നിരയിൽനിന്ന് മലയാളി താരം ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലും പുറത്താവും. ജയം ആവർത്തിച്ചാൽ അഞ്ച് മത്സര പമ്പരയിൽ ഇന്ത്യക്ക് മികച്ച മുൻതൂക്കവും ലഭിക്കും. എന്നാൽ, ഒപ്പമെത്താൻ ഓസീസിന് ജയിച്ചേ തീരൂ. ഇന്ത്യൻ സമയം രാവിലെ 9.30ന് കളി തുടങ്ങും.
പെർത്തിലെപ്പോലെ കെ.എൽ. രാഹുൽ -യശസ്വി ജയ്സ്വാൾ കൂട്ടുകെട്ടായിരിക്കും അഡലെയ്ഡ് ഓവലിലും ഇന്നിങ്സ് ഓപൺ ചെയ്യുക. രോഹിത്തിന്റെ അഭാവത്തിലാണ് രാഹുൽ സ്ഥാനക്കയറ്റം നേടി ഒന്നാം ടെസ്റ്റിൽ ഓപണറായത്. രണ്ടാം ഇന്നിങ്സിൽ ജയ്സ്വാൾ -രാഹുൽ സഖ്യം നേടിയത് 205 റൺസാണ്. രോഹിത് തിരിച്ചെത്തിയതോടെ ഓപണിങ് ജോടിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.
ഈ ചർച്ചക്ക് നായകൻതന്നെ വിരാമമിട്ട് നയം വ്യക്തമാക്കി. ‘‘നമുക്ക് ഫലം വേണം, വിജയം വേണം, ടോപിൽ രണ്ടുപേർ പെർത്തിൽ ഉജ്ജ്വലമായി ബാറ്റ് ചെയ്തു. വീട്ടിലിരുന്ന് ഞാൻ കണ്ടിരുന്നു. രാഹുൽ മിടുക്ക് കാട്ടി. ഈ സമയത്ത് അദ്ദേഹം ആ സ്ഥാനം അർഹിക്കുന്നു. ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല.
ഭാവിയിൽ കാര്യങ്ങൾ വ്യത്യസ്തമായേക്കാം. വ്യക്തിപരമായി എനിക്ക് താഴേക്ക് ഇറങ്ങൽ എളുപ്പമല്ലെങ്കിലും ടീമിന് വളരെയധികം അർഥവത്താണ്’’ -രോഹിത് പറഞ്ഞു. ഗിൽ മൂന്നാമനും വിരാട് കോഹ്ലി നാലാമനുമാവും. ഋഷഭ് പന്തിനെ ആറിലേക്കിറക്കി രോഹിത് അഞ്ചാമനായേക്കാം.
അഡലെയ്ഡ് ഓവലിലെ പിച്ചിൽ സ്പിന്നർമാരും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഇന്ത്യ പക്ഷേ, ബൗളിങ് ഡിപ്പാർട്മെന്റിൽ കാര്യമായ മാറ്റം വരുത്താനിടയില്ല. സ്പിൻ ഓൾ റൗണ്ടറായ വാഷിങ്ടൺ സുന്ദർ തുടരാനാണ് സാധ്യത. രവീന്ദ്ര ജദേജയുടെയും ആർ. അശ്വിന്റെയും പേരുകൾ പരിഗണനക്ക് വന്നിരുന്നു. രണ്ടാമതൊരു സ്പിന്നറെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ ഇവരിലൊരാൾ വരും. പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സ്ഥാനം നിലനിർത്തിയേക്കും.
സ്പെഷലിസ്റ്റ് പേസർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹർഷിത് റാണയുമുണ്ട്. പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്ട്രേലിയൻ സംഘത്തിൽ ഒരു മാറ്റം ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ പേസ് ബൗളർ ജോഷ് ഹേസിൽവുഡിന് പകരം സ്കോട്ട് ബോളണ്ട് ഇറങ്ങും.
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ: ഉസ്മാൻ ഖാജ, നതാൻ മക്സ്വീനി, മാർനസ് ലബൂഷേൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, നതാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.