മിർപൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റത്തിൽ മിന്നുമണിക്ക് ആദ്യ വിക്കറ്റ്. മിന്നു എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വിക്കറ്റ് നേട്ടം. ബംഗ്ലാദേശ് ഓപ്പണർ ഷമീമ സുൽത്താനയെയാണ് മിന്നു പുറത്താക്കിയത്. ആദ്യ ഓവറിൽ തുടരെ രണ്ട് ബൗണ്ടറികൾ വഴങ്ങിയ ശേഷമാണ് വിക്കറ്റ് പിഴുതെടുത്തത്.
ഇന്ത്യൻ വനിതാ സീനിയർ ടീമിൽ കളിക്കുന്ന ആദ്യ കേരളാ താരമാണ് മിന്നുമണി. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളാണ്. വയനാട് സ്വദേശിയാണ് 24 വയസുകാരിയായ മിന്നു. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ചാലഞ്ചർ ട്രോഫിയിലും വനിത പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. വനിത പ്രീമിയർ ലീഗിൽ ഇറങ്ങുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടവും മിന്നു സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസ് താരമായി മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അരങ്ങേറ്റം.
നിലവിൽ 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 എന്ന സ്കോറിലാണ് ബംഗ്ലാദേശ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമന്‍ പ്രീത് കൗർ ബംഗ്ലദേശിനെ ബാറ്റിങ്ങിനുവിടുകയായിരുന്നു. ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീം കളിക്കുന്ന ആദ്യ ട്വന്റി20 പരമ്പരയാണിത്.
സ്മൃതി മന്ഥന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, യാസ്തിക ഭാട്യ, പൂജ വസ്ത്രകാർ, ദീപ്തി ശർമ, അമൻജ്യോത് കൗർ, അനുഷ റെഡ്ഡി, മിന്നു മണി എന്നിവരാണ് ഇന്ത്യ പ്ലേയിങ് ഇലവനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.