കൂളിജ്: നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ അഞ്ചുവിക്കറ്റിന് തോൽപിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ കടന്നു. ബുധനാഴ്ച നടക്കുന്ന സെമിയിൽ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
ആദ്യംബാറ്റുചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ വെറും 111 റൺസിന് പുറത്താക്കി. എങ്കിലും റൺചേസ് അത്ര എളുപ്പമായിരുന്നില്ല. ഓപണർ ഹർനൂർ സിങ്ങിനെ അക്കൗണ്ട് തുറക്കും മുമ്പ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം വിക്കറ്റിൽ അംഗ്കൃഷ് രഘുവംശിയും (44) ശൈഖ് റഷീദും (26) ചേർന്ന് നേടിയ 70 റൺസാണ് തുണയായത്. സിദ്ധാർഥ് യാദവ് ആറ് റൺസെടുത്തും രാജ് ബജ്‍വ ഡക്കായും മടങ്ങിയത് ഇന്ത്യയെ സമ്മർദത്തിലാക്കി. എന്നാൽ നായകൻ യാഷ് ദുളും (20) കൗശൽ ടാംബെയും (11) ചേർന്ന് 19.1ഓവർ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
നേരത്തെ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവികുമാറാണ് ബംഗ്ലാദേശിന്റെ മുനയൊടിച്ചത്. രണ്ടുവിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്റ്റ്വാൾ ഓരോ വിക്കറ്റ് വീതമെടുത്ത രാജ്‍വർധൻ ഹങ്കർഖേകർ ടാംബെ, രഘുവൻശി എന്നിവരും കടുവ വധത്തിന് സഹായിച്ചു. എസ്.എം മെഹ്റൂബാണ് (30) ബംഗ്ലാദേശിന്റെ ടോപ്സ്കോറർ. രവികുമാറാണ് കളിയിലെ താരം.
നാലുതവണ ചാമ്പ്യൻമാരായ ഇന്ത്യ തുടർച്ചയായ നാലാം തവണയാണ് ടൂർണമെന്റിന്റെ അവസാന നാലിൽ ഇടം പിടിക്കുന്നത്. ക്വാർട്ടറിൽ പാകിസ്താനെ 119 റൺസിന് തോൽപിച്ചാണ് ആസ്ട്രേലിയയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.