ലണ്ടൻ: വെടിച്ചില്ല് പായുന്നപോലെ മൂളിപ്പറക്കുന്ന പന്തേറുകാരെ കണ്ട് ഒരിക്കൽ ഓരോ ഇന്ത്യക്കാരനും കൊതിച്ചിട്ടുണ്ട്. ഇതുപോലൊരു ബൗളർ എന്നാണ് ഇന്ത്യക്കുണ്ടാവുക എന്ന്... അയൽപക്കത്തുകാരായ വസീം അക്രമും വഖാർ യൂനിസും ഷോയിബ് അക്തറുമൊക്കെ തീപറത്തുന്ന ബൗളർമാരായി വാണകാലത്തും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് സ്വപ്നങ്ങൾ ജവഗൽ ശ്രീനാഥിനപ്പുറം പോയിരുന്നില്ല. പിന്നീട് സഹീർ ഖാൻ നികത്താൻ നോക്കിയെങ്കിലും മക്ഗ്രാത്, ബ്രെറ്റ്ലീ വേഗം കണ്ട് കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെ 'എന്തൊരു സ്പീഡ്..' എന്ന് അന്തംവിട്ടു നിൽക്കാനായിരുന്നു ഇന്ത്യക്കാരുടെ വിധി. വിദേശങ്ങളിൽ കളിക്കാൻ പോകുമ്പോൾ തോറ്റമ്പിയിരുന്നതും ഈ അതിവേഗക്കാരില്ലാത്തതിനാലായിരുന്നു.
ആ തിരക്കഥ തിരുത്തിയാണ് ലോകക്രിക്കറ്റിെൻറ തറവാട്ടുമുറ്റമായി കരുതിപ്പോന്ന ലോഡ്സിൽ ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തത്. നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് കോഹ്ലിപ്പട ഇംഗ്ലീഷ് നിരയെ അരിഞ്ഞുവീഴ്ത്തി തെളിയിച്ചിരിക്കുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇശാന്ത് ശർമയും ചേർന്ന് ഇംഗ്ലണ്ടിനെ എറിഞ്ഞു തകർത്തു.
ലോക ക്രിക്കറ്റിലെ കളിവിശാരദന്മാരും മുൻ താരങ്ങളും പ്രശംസ ചൊരിയുകയാണ് ഇന്ത്യൻ പേസ്യന്ത്രങ്ങളെ. മുമ്പ് ഒരറ്റത്തെ പേസ് ബൗളറെ മാത്രം സൂക്ഷിച്ചാൽ മതിയായിരുന്നു ഇന്ത്യക്കെതിരെ കളിക്കുമ്പോഴെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. ഒരാൾ മങ്ങിയാൽ അടുത്തയാൾ കത്തും.
എല്ലാത്തിനുമപ്പുറം ഓരോ പന്തിലും ബൗളർമാർക്ക് ആവേശം കുത്തിവെച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി ചടുലമായി മൈതാനം മുഴുവൻ പാഞ്ഞുനടക്കുമ്പോൾ എതിരാളികൾക്ക് ഇന്ത്യയെ ഭയക്കാതെ തരമില്ല. ലോഡ്സിൽ രണ്ടാം ടെസ്റ്റിൽ കണ്ടത് അതാണ്.
വാലിൽ കുത്തിച്ചാട്ടം
സാധാരണ നിലയിൽ പുരോഗമിച്ചുകൊണ്ടിരുന്ന ലോഡ്സ് ടെസ്റ്റിൽ ടേണിങ് പോയൻറായത് അവസാന ദിവസത്തെ കളിയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ കെ.എൽ. രാഹുലിെൻറ സെഞ്ച്വറിയുടെ ബലത്തിൽ 364 റൺസെടുത്തെങ്കിലും ക്യാപ്റ്റൻ ജോ റൂട്ടിെൻറ 180 റൺസ് തിരിച്ചടിയിൽ ഇംഗ്ലണ്ട് 27 റൺസ് ലീഡ് പിടിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തകർന്നടിഞ്ഞതായി ഉറപ്പിച്ചാണ് ആറിന് 181 എന്ന നിലയിൽ നാലാം ദിവസം ഋഷഭ് പന്തും ഇശാന്ത് ശർമയും പിച്ച് വിട്ടത്.
അഞ്ചാം ദിവസം അതിശയങ്ങളില്ലെങ്കിൽ 200 ൽ താഴെ ഇന്ത്യ തരിപ്പണമാകുമെന്നുറപ്പായിരുന്നു. ഋഷഭ് പന്തും ഇശാന്ത് ശർമയും രാവിലെ തന്നെ മടങ്ങിയപ്പോഴേ ഇംഗ്ലണ്ട് ക്യാമ്പിൽ ആഹ്ലാദം തുടങ്ങിയതുമാണ്. പക്ഷേ, ഒമ്പതാം വിക്കറ്റിന് ക്രീസിൽ ഒത്തുകൂടിയ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മറ്റു ചില തീരുമാനങ്ങളോടെയായിരുന്നു ക്രീസിൽ ഉറച്ചത്.
ക്ഷമകെട്ട ഇംഗ്ലീഷുകാരുടെ സ്ലഡ്ജിങ്ങിൽ വീഴാതെയും പേസാക്രമണത്തെ ഭയക്കാതെയും റണ്ണൊഴുക്കിയ ഇരുവരും ചേർന്ന് 39 വർഷം പഴക്കമുള്ള ഒരു റെക്കോഡ് തിരുത്തുകയും ചെയ്തു. അഭേദ്യമായ ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 89 റൺസ് ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒമ്പതാം വിക്കറ്റ് സ്കോറാണ്. 1982 ൽ കപിൽ ദേവും മദൻലാലും ചേർന്നെടുത്ത 66 റൺസ് കൂട്ടുകെട്ടിെൻറ റെക്കോഡാണ് ഇവർ മറികടന്നത്.
ഷമി കരിയറിലെ രണ്ടാം അർധ സെഞ്ച്വറി കുറിച്ചപ്പോൾ ബുംറ 34 റൺസുമായി കട്ടക്ക് നിന്നു. മൊയീൻ അലിയെ ഷമി അടിച്ച സിക്സർ വലിയ മൈതാനമായ ലോഡ്സിെൻറ ഗാലറിയിൽ 92 മീറ്റർ കടന്നാണ് പതിച്ചത്.
ലോഡ്സിൽ മൂന്നാം ജയം
ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ ഇന്ത്യ 19 ടെസ്റ്റുകൾ കളിച്ചപ്പോൾ 12 ലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. നാല് ടെസ്റ്റുകൾ സമനിലയിലുമായി. മൂന്നു ടെസ്റ്റിലാണ് ഇന്ത്യയെ ലോഡ്സ് വിജയംകൊണ്ട് അനുഗ്രഹിച്ചത്. 1986ൽ കപിൽ ദേവിെൻറ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെ ലോഡ്സിൽ തോൽപ്പിച്ചത്. 2-0ന് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിൽ പരമ്പരയും നേടി. നീണ്ട 28 വർഷത്തിനു ശേഷം 2014ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് പിന്നീട് ലോഡ്സിൽ ഇന്ത്യക്ക് ജയിക്കാനായത്. പക്ഷേ, 3-1ന് പരമ്പര നഷ്ടമായി. ഇപ്പോൾ വീണ്ടും കോഹ്ലിയുടെ നായകത്വത്തിൽ ലോഡ്സിൽ ഇന്ത്യ ജയം പിടിച്ചടക്കിയിരിക്കുന്നു.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ഈ ജയം പരമ്പര നേടുന്നതിലേക്ക് നയിച്ചാലും അതിശയിക്കാനില്ല. കാരണം, ആദ്യ ടെസ്റ്റിെൻറ അഞ്ചാം ദിനം ഒറ്റ പന്തുപോലും എറിയാനാവാതെ മഴയിൽ ഒലിച്ചുപോയപ്പോൾ ഇന്ത്യൻ വരുതിയിലായിരുന്ന ജയം കൂടിയാണ് മഴ അപഹരിച്ചത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ ജയത്തിൽ നിന്ന് 156 റൺസ് മാത്രം അകലെയായിരുന്നു.
നിർണായകം ഡിക്ലയർ
ഷമിയും ബുംറയും ഫോമിലും ലീഡ് 272ലും നിൽക്കെ വേണമെങ്കിൽ ലീഡ് 300 കടന്ന് സുരക്ഷിതമാകുന്നതുവരെ ബാറ്റിങ് തുടരാമായിരുന്നിട്ടും ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനിറക്കാൻ കോഹ്ലി കാണിച്ച ധൈര്യമാണ് ശരിക്കും കളി ത്രില്ലറാക്കിയത്.
സ്കോർ ബോർഡിൽ ഒരൊറ്റ റൺ മാത്രം കയറിയപ്പോഴേക്കും ഓപ്പണർമാരായ റോറി േബൺസിനെയും ഡോം സിബ്ലെയും പുറത്താക്കി കോഹ്ലിയുടെ വിശ്വാസം കാക്കാൻ ബുംറക്കും ഷമിക്കുമായി.
ഇരുവരും മാറിയപ്പോൾ ആക്രമണ ചുമതല ഇശാന്തും സിറാജും ഏറ്റെടുത്തു. ഇശാന്തിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ ജോണി ബെയർസ്റ്റോ കുടുങ്ങിയോ എന്നും സന്ദേഹിച്ചാണ് അവസാന നിമിഷം കോഹ്ലി റിവ്യൂവിനു വിട്ടത്. പക്ഷേ, തീരുമാനം ശരിയായിരുന്നു. ആറാം വിക്കറ്റിൽ ജോസ് ബട്ലറും മൊയീൻ അലിയും കൂടി പിടിച്ചുനിന്ന് ടെസ്റ്റ് സമനിലയിലാക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ സിറാജ് വെള്ളിടിയായി. മൊയീനെയും സാം കറനെയും അടുത്തടുത്ത പന്തിൽ പുറത്താക്കി ഹാട്രിക് വക്കിലുമെത്തി.
പിന്നെ ഇന്ത്യ കാത്തിരുന്ന ജയത്തിനു വെറും ചടങ്ങ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ബട്ലറെ പന്തിനെ ഏൽപിച്ച സിറാജ് ആൻഡേഴ്സെൻറ കുറ്റി തെറിപ്പിക്കുമ്പോൾ ഇന്ത്യ ലോഡ്സിൽ ചരിത്രമെഴുതുകയായിരുന്നു. സിറാജ് നാല് വിക്കറ്റാണ് വീഴ്ത്തിയത്. ബുംറ മൂന്നും ഇശാന്ത് രണ്ടും ഷമി ഒന്നും വിക്കറ്റ് എറിഞ്ഞിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.