മൊഹാലി: ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. പുറത്താകാതെ 175 റൺസ് നേടിയ ജദേജയായിരുന്നു രണ്ടാം ദിനത്തിലെ താരം. എട്ടിന് 574 റൺസെന്ന നിലയിലെത്തി നിൽക്കേ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതിഹാസ താരം കപിൽ ദേവ് 35 വർഷമായി കൈയ്യടക്കി വെച്ചിരുന്ന ഏഴാം നമ്പറിലോ അതിന് താഴെയോ ഉള്ള ഒരിന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറിനുള്ള റെക്കോഡ് ജദേജ സ്വന്തമാക്കി. ഏഴാം നമ്പറിൽ ഇറങ്ങി 1986ൽ ശ്രീലങ്കക്കെതിരെ 163 റൺസ് നേടിയായിരുന്നു കപിൽ റെക്കോഡിട്ടത്.
ഏഴാം നമ്പറിൽ150ന് മുകളിൽ സ്കോർ ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ജദേജ. കപിലിനെ കൂടാതെ ഋഷഭ് പന്ത് (159-ആസ്ട്രേലിയ-2019) മാത്രമാണ് ഏഴാമനായി ഇറങ്ങി 150 അടിച്ച ഇന്ത്യക്കാരൻ.
ആദ്യ ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ സന്ദർശകർ സ്റ്റംപെടുക്കുമ്പോൾ നാലിന് 108 റൺസെന്ന നിലയിൽ പരുങ്ങുകയാണ്. ചരിത് അസലങ്കയും (1) പതും നിസങ്കയുമാണ് (26) ക്രീസിൽ. ആറുവിക്കറ്റ് കൈയ്യിലിരിക്കേ 466 റൺസിന് പിറകിലാണ് ശ്രീലങ്ക. നായകൻ ദിമുത് കരുണരത്നെ (28), ലഹിരു തിരിമന്നെ (17), എയ്ഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡിസിൽവ (1) എന്നിവരാണ് പുറത്തായ ലങ്കൻ ബാറ്റർമാർ. ഇന്ത്യക്കായി ആർ. അശ്വിൻ രണ്ടും ജദേജ ജസ്പ്രീത് ബൂംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആറു വിക്കറ്റിന് 357 എന്ന നിലയിൽ രണ്ടാംദിനം കളി ആരംഭിച്ച ഇന്ത്യക്കായി അശ്വിൻ (61) അർധസെഞ്ച്വറി തികച്ചു. 82 പന്തിൽ 61 റൺസെടുത്ത അശ്വിനെ സുരങ്ക ലക്മൽ പുറത്താക്കി. ഏഴാം വിക്കറ്റിൽ ജദേജയും അശ്വിനും ചേർന്ന് 130 റൺസ് ചേർത്തു.
പിന്നാലെ എത്തിയ ജയന്ത് യാദവിനെ (2) ഫെർണാണ്ടോ എളുപ്പം മടക്കി. പിന്നീട് മുഹമ്മദ് ഷമിയെ ഒരറ്റത്ത് സാക്ഷിയാക്കിയാണ് ജദേജ ടീമിനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. അഭേദ്യമായ കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 94 പന്തിൽ 103 റൺസെടുത്തു. 20 റൺസ് ഷമിയുടെ സംഭാവനയായിരുന്നു. ജദേജ കന്നി ടെസ്റ്റ് ഇരട്ടസെഞ്ച്വറി തികച്ചേക്കുമെന്ന് ആരാധകർ കണക്കുകൂട്ടിയെങ്കിലും നായകൻ രോഹിത് ശർമ ഇന്നിങ്സ് മതിയാക്കിയതായി സൂചന നൽകി.
ടെസ്റ്റിൽ നായകനായി അരങ്ങേറിയ മത്സരത്തിൽ ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം വിരാട് കോഹ്‍ലി (45) അർധ സെഞ്ച്വറിക്കരികെ പുറത്തായപ്പോൾ തകർത്തടിച്ച ഋഷഭ് പന്ത് (96) സെഞ്ച്വറിക്കരികെയും വീണിരുന്നു. ഹനുമ വിഹാരി (58), മായങ്ക് അഗർവാൾ (33), ക്യാപ്റ്റൻ രോഹിത് ശർമ (29), ശ്രേയസ് അയ്യർ (27) എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ലങ്കക്കായി ലസിത് എംബുൽഡെനിയ, ലക്മൽ വിശ്വ ഫെർണാണ്ടോ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. ലഹിരു കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോവിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.