സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിങ്സിൽ 407 എന്ന അസാധ്യ വിജയലക്ഷ്യം മുന്നിൽവെച്ച ആതിഥേയർക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. 24 ഓവറും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യക്ക് ഇനി 108 റൺസ് കൂടി എടുക്കണം.
കഴിഞ്ഞദിവസം കളി നിർത്തുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്കോർ ബോർഡിൽ നാല് റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ക്യാപ്റ്റൻ അജിൻക്യ രഹാന പുറത്തായി. തുടർന്ന് വന്ന റിഷഭ് പന്തും ക്രീസിലുണ്ടായിരുന്ന പുജാരയും ചേർന്ന് സ്കോർ മികച്ച നിലയിലെത്തിച്ചു. വിമർശകരുടെ വായയടപ്പിക്കുന്ന പ്രകടനമായിരുന്നു പന്തിേന്റത്. 118 പന്തിൽനിന്ന് 97 റൺസ് എടുത്ത പന്തിന്‍റെ ഇന്നിങ്സിൽ മൂന്ന് സിക്സും 12 ബൗണ്ടറിയുമുണ്ടായിരുന്നു.
പതിയെ കളിച്ച പുജാരയും പന്തിന് മികച്ച പിന്തുണയാണ് നൽകിയത്. 205 പന്തിൽനിന്ന് 77 റൺസാണ് പുജാരയുടെ സമ്പാദ്യം. 148 റൺസിന്‍റെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സ്കോർ 250ൽ എത്തിനിൽക്കെ പന്തിനെ ലിയോൺ പുറത്താക്കി. താമസിയാതെ പുജാരയും ഔട്ടായി. നിലവിൽ ആറ് റൺസെടുത്ത ഹനുമ വിഹാരിയും 24 റൺസെടുത്ത രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ.
വംശീയാധിക്ഷേപങ്ങൾ മുഴങ്ങിക്കേട്ട സിഡ്നിയിൽ ആസ്ട്രേലിയ ഉയർത്തിയ റൺമല താണ്ടാൻ ഇന്ത്യ വിയർക്കുന്ന കാഴ്ചയാണ്. പതിയെ ബാറ്റുവീശി സമനില പിടിക്കാനായാൽ ആതിഥേയർക്ക് തത്കാലം ആശ്വസിക്കാം.
ആദ്യ രണ്ടു ടെസ്റ്റിൽ ഓരോ ജയം പിടിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഏറെ നിർണായകമാണ് മൂന്നാം അങ്കത്തിൽ ജയം പിടിക്കൽ. ബ്രിസ്ബേനിൽ നാലാം ടെസ്റ്റ് ജനുവരി 15നാണ് ആരംഭിക്കുന്നത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണിക്കൂട്ടത്തിൽ ചിലർ വംശീയാധിക്ഷേപം നടത്തിയതോടെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് അംപയർമാർക്ക് പരാതി നൽകിയിരുന്നു. ആറു പേരെ പൊലീസെത്തി പുറത്താക്കിയാണ് തത്കാലം പ്രശ്നം പരിഹരിച്ചത്. മൂന്നാം ദിനവും വംശീയാധിക്ഷേപം നടന്ന സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.