ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

ബെ​നോ​നി (ദ​ക്ഷി​ണാ​ഫ്രി​ക്ക): കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ തനിയാവർത്തനമായി മാറിയ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ആസ്ട്രേലിയ ജേതാക്കൾ. 79 റൺസ് വിജയവുമായാണ് ഓസീസ് കൗമാരനിര കപ്പുയർത്തിയത്. ആസ്ട്രേലിയയുടെ നാലാം കിരീട നേട്ടമാണിത്. അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ അഞ്ചുതവണ കിരീടം നേടിയ ഖ്യാ​തി​യു​മായി, കളിച്ച മത്സരങ്ങളെല്ലാം ആധികാരികമായി ജയിച്ചെത്തിയ ഇന്ത്യൻ ബാറ്റിങ് നിര കലാശക്കളിയിൽ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ ഉദയ് സഹ്റാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ് എന്നിവരെല്ലാം എളുപ്പം മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ എല്ലാ വിക്കറ്റും 43.5 ഓവറിൽ 174 റൺസെടു​ക്കുമ്പോഴേക്കും വീഴുകയായിരുന്നു. സ്കോർ ബോർഡിൽ മൂന്ന് റൺസ് ചേർത്തപ്പോഴേക്കും ഓപണർ അർഷിൻ കുൽക്കർണിയുടെ (3) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ടൂർണമെന്റിൽ മികച്ച ആൾറൗണ്ട് പ്രകടനം കാഴ്ചവെച്ച മുഷീർ ഖാന്റെ ഊഴമായിരുന്നു അടുത്തത്. 33 പന്തിൽ 22 റൺസെടുത്ത താരത്തെ ബേർഡ്മാൻ ക്ലീൻബൗൾഡാക്കുകയായിരുന്നു. ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ ഉദയ് സഹ്റാനും (8) സച്ചിൻ ദാസും (9) വന്നപോലെ മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. പ്രിയാൻഷു മോലിയ (9), ആരവെല്ലി അവാനിഷ് (0), രാജ് ലിംബാനി (0) എന്നിവരും ഒരറ്റത്ത് പിടിച്ചുനിന്ന ഓപണർ ആദർശ് സിങ്ങും (47) അടുത്തടുത്ത് മടങ്ങിയ​തോടെ ഇന്ത്യ എട്ടിന് 122 റൺസെന്ന നിലയിലേക്ക് വീണു. എട്ടാമനായെത്തി മുരുകൻ അഭിഷേക് നടത്തിയ പോരാട്ടമാണ് സ്കോർ 150 കടത്തിയത്. 46 പന്തിൽ ഒരു സിക്സും അഞ്ച് ഫോറുമടക്കം 42 റൺസ് നേടിയ താരത്തെ വിഡ്‍ലറുടെ പന്തിൽ വെയ്ബ്ജെൻ പിടികൂടിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രണ്ട് റൺസെടുത്ത സൗമി പാണ്ഡെയുടെ വിക്കറ്റാണ് അവസാനം നഷ്ടപ്പെട്ടത്. 14 റൺസുമായി നമൻ തിവാരി പുറത്താകാതെ നിന്നു.

ആസ്ട്രേലിയക്കായി മഹ്‍ലി ബേർഡ്മാൻ, റാഫ് മാക്മില്ലൻ എന്നിവർ മൂന്ന് വീതവും കല്ലം വിഡ്‍ലർ രണ്ടും ചാർലി ആ​ൻഡേഴ്സൺ, ടോം സ്ട്രാകർ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റുമായി രാജ് ലിംബാനി തിളങ്ങിയപ്പോൾ 64 പന്തിൽ 55 റൺസ് നേടിയ ഹർജസ് സിങ് ആയിരുന്നു ആസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോഴാണ് ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപണർ സാം കോൺസ്റ്റസിനെ രാജ് ലിംബാനി ക്ലീൻ ബൗൾഡാക്കുമ്പോൾ എട്ട് ​പന്ത് നേരിട്ടിരുന്നെങ്കിലും സ്കോർ ബോർഡിലേക്ക് സംഭാവനയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നെത്തിയ ക്യാപ്റ്റൻ ഹ്യൂ വെയ്ബ്ജെൻ ഓപണർ ഹാരി ഡിക്സണൊപ്പം കൂടുതൽ നഷ്ടങ്ങളി​ല്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ, 48 റൺസെടുത്ത നായകനെ നമൻ തിവാരി മുഷീർ ഖാന്റെ കൈയിലെത്തിച്ചു. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തപ്പോഴേക്കും ഹാരി ഡിക്സണും (42) പുറത്തായി. നമൻ തിവാരിയു​ടെ പന്തിൽ മുരുകൻ അഭിഷേകിന് പിടികൊടുത്തായിരുന്നു മടക്കം.

തുടർന്ന് ഹർജസ് സിങ് മികച്ച ബാറ്റിങ്ങുമായി മുന്നേറുന്നതിനിടെ മറുവശത്ത് റ്യാൻ ഹിക്ക്സും (20) വീണു. ലിംബാനിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഹർജസ് സിങ്ങിനെ സൗമി പാണ്ഡെ എൽ.ബി. ഡബ്ലുവിയിൽ കുടുക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. വൈകാതെ റാഫ് മാക്മില്ലനെ (2) മുഷീർ ഖാൻ സ്വന്തം ബാളിൽ പിടികൂടി. ചാർലി ആൻഡേഴ്സണെ (13) ലിംബാനി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ആസ്ട്രേലിയ ഏഴിന് 221 എന്ന നിലയിലേക്ക് വീണു. ഒരുവശത്ത് പിടിച്ചുനിന്ന ഒലിവർ പീക് (43 പന്തിൽ പുറത്താകാതെ 46) ആണ് സ്കോർ 250 കടത്തിയത്. എട്ട് റൺസുമായി ടോം സ്ട്രാക്കർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാജ് ലിംബാനി പത്തോവറിൽ 38 റൺസ് വഴങ്ങി മൂന്ന് പേരെ മടക്കിയപ്പോൾ നമൻ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീർ ഖാൻ എന്നിവർ ഓ​രോ വിക്കറ്റും നേടി.

Tags:    
News Summary - India lost again in the World Cup final; Fourth title for Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.