ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് പരാജയത്തെ ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള ‘പോര്’ തുടരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടത് മത്സരം ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണെന്ന വാദവുമായി ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. നവംബർ 19ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്നും അപശകുനമായി അദ്ദേഹം ഫൈനൽ കാണാനെത്തിയതോടെ കളി തോൽക്കുകയായിരുന്നുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് മറുപടിയെന്ന രീതിയിലാണ് അസം മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തിയത്.
‘നമ്മൾ എല്ലാ മത്സരങ്ങളും ജയിക്കുകയും ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നമ്മൾ തോറ്റതെന്ന് ഞാൻ അന്വേഷിച്ചു. ലോകകപ്പ് ഫൈനൽ കളിച്ചത് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണ് കളി തോറ്റതെന്ന് എനിക്ക് കണ്ടെത്താനായി. നമ്മൾ ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ കളിച്ചു, രാജ്യം തോറ്റു. എനിക്ക് ബി.സി.സി.ഐയോട് ഒരപേക്ഷയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനത്തിൽ ഇന്ത്യ മത്സരങ്ങൾക്കിറങ്ങരുത്. എനിക്ക് ഈ ലോകകപ്പിൽനിന്ന് ലഭിച്ച പാഠമാണത്’, എന്നിങ്ങനെയായിരുന്നു ഹിമന്ദ ബിശ്വ ശർമയുടെ പരിഹാസം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ നരേന്ദ്ര മോദിക്കെതിരായ പരാമർശം. ‘ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യ നന്നായി കളിച്ച് ഒറ്റ കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതാണ്. എന്നാൽ അപശകുനമായി മോദി ഫൈനൽ മത്സരം കാണാനെത്തിയതോടെ കളി തോറ്റ് ഇന്ത്യ പുറത്തായി’, രാഹുൽ പറഞ്ഞു. നേരത്തേ സമൂഹമാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പരിഹാസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ തോൽവിയിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സമൂഹമാധ്യമങ്ങൾ പരിഹാസം ചൊരിഞ്ഞത്. എന്നാൽ രാഹുലാണ് കോൺഗ്രസിന്റെ അപശകുനമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിന് ശേഷം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ കാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്. ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ ഏറെ ദുഃഖിതരായിരുന്നു. ഇതിനിടെയാണ് കാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങൾ വളരെ അസ്വസ്ഥരായിരുന്നുവെന്നാണ് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചത്.
പിന്നാലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദും മോദിയെ വിമർശിച്ച് രംഗത്തെത്തി. "എല്ലാ ടീമുകളുടെയും സ്വകാര്യ ഇടമാണ് ഡ്രസ്സിങ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐ.സി.സി അനുവദിക്കുന്നില്ല. ടീം അംഗങ്ങളെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത് പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിങ് റൂമിന് പുറത്ത് വെച്ചായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനായല്ല"- കീർത്തി ആസാദ് പറഞ്ഞു. മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷാക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.