ബംഗളൂരു: 2012ലാണ് ഇന്ത്യ അവസാനമായി സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര തോറ്റത്. നാല് മത്സര പരമ്പരയിൽ ഇംഗ്ലണ്ടിനോട് 1-2ന് മുട്ടുമടക്കിയതിൽ പിന്നെ വ്യാഴവട്ടക്കാലമായി ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റിൽ അപരാജിതരാണ് ആതിഥേയർ. ഈ റെക്കോഡിൽ അടുത്തൊന്നും ആരുമില്ല താനും. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും രോഹിത് ശർമയും സംഘവും പ്രതീക്ഷിക്കുന്നില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഗില്ലിന്റെ കാര്യം സംശയം
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ഇന്ത്യ. പിന്നാലെ യുവനിര ട്വന്റി20യിലും വൈറ്റ് വാഷ് കുറിച്ചു. ക്യാപ്റ്റൻ രോഹിത്, ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സ്പിൻ ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ സീനിയർ താരങ്ങളുടെ സാന്നിധ്യം ഇന്ത്യക്ക് കരുത്തുപകരും. ഓപണിങ്ങിൽ രോഹിത്തിന് കൂട്ടാവുന്ന യശസ്വി ജയ്സ്വാൾ ഫോമിലാണ്.
അതേസമയം, ശുഭ്മൻ ഗില്ലിന്റെ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഗിൽ കളിക്കാത്ത പക്ഷം സർഫറാസ് ഖാന് വഴി തുറക്കും. ബാറ്റ് കൊണ്ട് രാഹുലും ഋഷഭുമൊക്കെ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ വിശ്വാസം കാത്തിരുന്നു. എന്നാൽ, രോഹിത്തോ കോഹ്ലിയോ ആ നാല് ഇന്നിങ്സുകളിലും ഒരു അർധ ശതകം പോലും നേടിയില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ സഹായിക്കുമെന്നാണ് വിലയിരുത്തിൽ. അശ്വിനും ജദേജക്കും പലതും ചെയ്യാനുണ്ടെന്ന് ചുരുക്കം. മൂന്ന് പേസർമാരെ കളിപ്പിച്ചാൽ ബുംറക്കും സിറാജിനുമൊപ്പം ആകാശ്ദീപുണ്ടാവും. സ്പിന്നർക്കാണ് പരിഗണനയെങ്കിൽ കുൽദീപ് യാദവോ അക്ഷർ പട്ടേലോ എത്തും.
കെയ്നില്ലാത്ത പെയ്ൻ
പുതിയ നായകൻ ടോം ലാഥമിന് കീഴിൽ ഇറങ്ങുന്ന ന്യൂസിലൻഡാവട്ടെ ശ്രീലങ്കയിൽപ്പോയി ടിം സോത്തിയുടെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് പരമ്പര 0-2ന് അടിയറവ് പറഞ്ഞ ക്ഷീണത്തിലാണ്. താരങ്ങളുടെ പരിക്കും ഫോമില്ലായ്മയും കിവികളെ അലട്ടുന്നുണ്ട്. സൂപ്പർ ബാറ്ററും മുൻ നായകനുമായി കെയ്ൻ വില്യംസണിന്റെ അഭാവമാണ് ഏറ്റവും വലിയ തിരിച്ചടി. പേസർ ബെൻ സിയേഴ്സ് ടീമിലുണ്ടായിരുന്നെങ്കിലും പരിക്ക് കാരണം പുറത്തായി. ബംഗളൂരുവിൽ കുടുംബ വേരുകളുള്ള സ്പിൻ ഓൾ റൗണ്ടറും മധ്യനിര ബാറ്ററുമായ രചിൻ രവീന്ദ്രക്കിത് ‘നാട്ടിലെ മത്സരം’ ആണ്. അജാസ് പട്ടേലാണ് മറ്റൊരു പ്രധാന സ്പിൻ ആയുധം. വില്യംസണിലെങ്കിലും താര സമ്പന്നമാണ് സന്ദർശകനിര.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ധ്രുവ് ജൂറൽ.
ന്യൂസിലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മാർക്ക് ചാപ്മാൻ, വിൽ യങ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര, ടോം ബ്ലണ്ടൽ, അജാസ് പട്ടേൽ, മാറ്റ് ഹെൻറി, ടിം സൗത്തി, വില്യം ഒറൂർക്ക്, ജേക്കബ് ഡഫി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.