തെളിമാനം! ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

പുണെ: ആദ്യ ദിനം പൂർണമായും മഴയെടുത്ത ഒന്നാം ടെസ്റ്റ്, രണ്ടാം നാൾ മത്സരം തുടങ്ങിയപ്പോൾ 50 റൺസ് പോലും തികക്കാനാവാതെ തകർന്നടിഞ്ഞ് ആതിഥേയർ, രണ്ടാം ഇന്നിങ്സിലെ തിരിച്ചുവരവിനൊടുവിലും കൂട്ടത്തോടെ വിക്കറ്റ് വീഴ്ച, ഒടുവിൽ പ്രതീക്ഷിച്ചതിലും നേരത്തേ കളിപിടിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷം ഇന്ത്യയിൽ ന്യൂസിലൻഡ് ജയാഘേഷം നടത്തിയ കാഴ്ച...രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച മുതൽ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ രോഹിത് ശർമക്കും സംഘത്തിലും വിജയത്തിൽ കുറഞ്ഞൊരു ഫലവും വേണ്ട. ബംഗളൂരുവിൽനിന്ന് വ്യത്യസ്തമായി തെളിഞ്ഞ കാലാവസ്ഥയാണ് പുണെയിൽ. തെളിഞ്ഞ മാനത്ത് ചിറകടിച്ചുയരാനാവുമോയെന്നാണ് കിവികളും നോക്കുന്നത്. അവർക്ക് ജയം ആവർത്തിക്കാനായാൽ പിറക്കുന്നത് ചരിത്രമായിരിക്കും.

ഗിൽ ഫിറ്റ്; ബെഞ്ചിലാര്?

ശുഭ്മൻ ഗിൽ ഒന്നാം ടെസ്റ്റിൽ പരിക്ക് കാരണം പുറത്തിരുന്നത് സർഫറാസ് ഖാന് വഴിയൊരുക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 150 റൺസടിച്ച സർഫറാസാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഗിൽ തിരിച്ചുവരുമ്പോൾ ആരെ മാറ്റും എന്ന ചിന്തയിലാണ് ടീം മാനേജ്മെന്റ്. സർഫറാസിനെ ഇനി കരക്കിരുത്താൻ വയ്യ. കഴിഞ്ഞ രണ്ട് ഇന്നിങ്സിലും പരാജയമായ കെ.എൽ. രാഹുലിന്റെ തലക്ക് മുകളിലാണ് വാളിപ്പോൾ. അല്ലെങ്കിൽ സർഫറാസിനെ മാറ്റുകയെന്ന സാഹസത്തിന് മുതിരേണ്ടിവരും.

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് ഋഷഭ് പന്തിന്റെ കാര്യത്തിലെ ആശങ്കയും നീങ്ങിയിട്ടുണ്ട്. ഋഷഭ് കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബൗളിങ് ഡിപ്പാർട്മെന്റിലുമുണ്ട് തലവേദന. പേസർ മുഹമ്മദ് സിറാജിന് പകരം ആകാശ്ദീപിനെ കളിപ്പിക്കാനുള്ള ആലോചനകളും സജീവമാണ്. രണ്ടും മൂന്നും മത്സരങ്ങൾക്കായി ടീമിലെടുത്ത വാഷിങ്ടൺ സുന്ദറിന് അവസരമൊരുങ്ങിയാൽ കുൽദീപ് യാദവ് പുറത്തായേക്കും.

പേസിൽ ‘കൈവെക്കാൻ’

കെയ്ൻ വില്യംസണിന്റെ അഭാവം ന്യൂസിലൻഡ് ബാറ്റിങ്ങിനെ ബാധിച്ചിട്ടില്ല. രചിൻ രവീന്ദ്ര, ഡെവൺ കോൺവേ, വിൽ യങ് തുടങ്ങിയവർ ബംഗളൂരുവിൽ മികവ് കാട്ടി. പേസർമാരായ മാറ്റ് ഹെൻറിയും വില്യ ഒറൂർക്കെയുമാണ് 20ൽ 15 വിക്കറ്റും കൈക്കലാക്കിയത്. സ്പിന്നർ അജാസ് പട്ടേലും വിശ്വാസം കാത്തു. സ്പിന്നർമാരെ തുണക്കുമെന്ന് കരുതുന്ന പിച്ചിലേക്ക് മിച്ചൽ സാന്റ്നർ അന്തിമ ഇലവനിൽ തിരിച്ചെത്തിയാൽ പേസർമാരായ ടിം സൗത്തി, വില്യം ഒറൂർക്കെ എന്നിവരിലൊരാൾ ബെഞ്ചിലാവും.

സാധ്യത ഇലവൻ:

ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ/കെ.എൽ രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്/വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്/ആകാശ് ദീപ്.

ന്യൂസിലൻഡ്- ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്നർ, വില്യം ഒറൂർക്കെ/ടിം സൗത്തി, മാറ്റ് ഹെൻറി, അജാസ് പട്ടേൽ.

Tags:    
News Summary - India-New Zealand 2nd Test from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.