മുംബൈ: വ്യാഴവട്ടത്തിനു ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ആശ്വാസ ജയം തേടി ഇറങ്ങുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. വിഖ്യാതമായ ബോർഡർ-ഗവാസ്കർ ട്രോഫി തേടി ആസ്ട്രേലിയയിലേക്ക് പറക്കാനിരിക്കുന്ന ടീമിന് ഇനിയൊരു തോൽവി താങ്ങാൻ വയ്യ.
ലോക ചാമ്പ്യൻഷിപ് ഫൈനൽ സാധ്യതകളെയും പരാജയത്തുടർച്ച ബാധിക്കുമെന്നതിനപ്പുറം അഭിമാനപ്രശ്നം കൂടിയാണ് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം. ദീവാലി മധുരമയി ആരാധകർ കാത്തിരിക്കുന്നത് വിജയ ലഡ്ഡുവാണ്.
ഓർക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളാണ് കടന്നുപോയത്. സ്പിൻ മികവിൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ കിവികൾക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ച. നാലിൽ മൂന്ന് ഇന്നിങ്സുകളിലും ആതിഥേയർ പുറത്തായത് 300 റൺസ് പോലും തികക്കാനാവാതെ. അതിലൊന്നിൽ 46 റൺസെന്ന ചരിത്ര നാണക്കേടുമുണ്ട്. ബംഗളൂരുവിൽ പേസർമാരുടെ മികവിൽ കളംവാണ സന്ദർശകർ പുണെയിൽ രണ്ടര ദിവസംകൊണ്ട് ജയം പിടിച്ചത് മിച്ചൽ സാന്റ്നറെന്ന സ്പിന്നറെയിറക്കി.
രണ്ടാം ടെസ്റ്റിൽ കളിച്ച സ്പിന്നർ വാഷിങ്ടൺ സുന്ദറൊഴിച്ച് ഇന്ത്യൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബാറ്റിങ്ങിൽ അൽപമെങ്കിലും വിശ്വാസം കാത്തത് യശസ്വി ജയ്സ്വാൾ മാത്രം. സർഫറാസ് ഖാനും വിരാട് കോഹ് ലിയും ഋഷഭ് പന്തും രോഹിത് ശർമയും ഓരോ ഇന്നിങ്സുകളിൽ പിടിച്ചുനിന്നു. സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജക്കും കാര്യമായൊന്നും ചെയ്യാനാവാതിരുന്നതും തോൽവികൾക്ക് കാരണമായി. പേസർമാരും തഥൈവ. രണ്ടാം ടെസ്റ്റിൽ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപിനെ ഇറക്കിയതും ഫലം ചെയ്തില്ല. മൂന്നാം മത്സരത്തിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സിറാജ് തിരിച്ചെത്തും.
പേസർ ഹർഷിത് റാണയുടെ അരങ്ങേറ്റമുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കാര്യമായ പരീക്ഷണങ്ങൾക്ക് ടീം മുതിരില്ലെന്നാണ് റിപ്പോർട്ട്. കിവി പേസ് ഡിപ്പാർട്മെന്റിൽ മാറ്റ് ഹെൻറി തിരിച്ചുവന്നാൽ വെറ്ററൻ ടിം സൗത്തി ബെഞ്ചിലിരുന്നേക്കും.
സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ/മുഹമ്മദ് സിറാജ്/കുൽദീപ് യാദവ്, ആകാശ് ദീപ്.
ന്യൂസിലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി/ടിം സൗത്തി, അജാസ് പട്ടേൽ, വില്യം ഒറൂർക്കെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.