കാൺപുർ: ഒരുവശത്ത് മാറിമാറി പന്തെറിഞ്ഞ് വിക്കറ്റു വീഴ്ത്താൻ മിടുക്കരായ മികച്ച രണ്ടു സ്പിന്നർമാർ. മറുവശത്ത്, ബാറ്റിങ് എൻഡിൽ ആധിപിടിച്ച് വിക്കറ്റു കാത്ത് ഒരു കന്നിക്കാരനും 11ാമനും ചേർന്ന കൂട്ടുകെട്ട്. എല്ലാറ്റിലുമുപരി, രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ പിച്ചുകളിലൊന്നും. ഇന്ത്യക്ക് ജയിക്കാൻ ഇത്രയും ഘടകങ്ങൾ പോരായിരുന്നുവെന്ന് തെളിയിച്ച് ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡും ഇന്ത്യൻ വംശജരായ രണ്ടു ബാറ്റർമാരും പിടിച്ചുവാങ്ങിയത് വിലപ്പെട്ട സമനില.
റണ്ണൊഴുകാൻ മടിക്കുന്ന പിച്ചിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മുന്നോട്ടുവെച്ചത് 284 റൺസ് വിജയലക്ഷ്യം. 14 റൺസും ഒരു വിക്കറ്റുമായി നാലാംദിനം കളി നിർത്തിയവർ വലിയ ടോട്ടൽ പിടിക്കാനൊരുങ്ങിയാണ് അവസാന ദിനം ബാറ്റെടുത്തത്. ഒരു ഘട്ടത്തിൽ 117ന് രണ്ട് എന്ന മോശമല്ലാത്ത നിലയിലായിരുന്ന കിവികൾക്ക് പക്ഷേ, പിന്നീട് എല്ലാം പിഴച്ചു. 155 റൺസ് എത്തുേമ്പാഴേക്ക് ഒമ്പതു വിക്കറ്റുകൾ പതിച്ച് ടീം അപായമുനമ്പിൽ. അതും 20 റൺസിനിടെ അഞ്ചു മുൻനിര വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ പിഴുതത്.
പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത രചിൻ രവീന്ദ്രയും അജാസ് പട്ടേലും റണ്ണെടുക്കാൻ മിനക്കെടാതെ വിക്കറ്റ് കാത്തു. അശ്വിനും അക്സർ പട്ടേലും കൂട്ടിന് രവീന്ദ്ര ജഡേജയും മാറിമാറി എറിഞ്ഞിട്ടും ഇരുവരും വഴങ്ങിയില്ല. ചെറിയ വീഴ്ചയിൽ ക്യാച്ചിന് കണ്ണുംനട്ട് ഫീൽഡർമാർ വട്ടമിട്ടുനിന്നിട്ടും ഒന്നും സംഭവിച്ചില്ല. പിറക്കാതെപോയ റണ്ണുകളെക്കാൾ ഇനിയുള്ള ഒരു വിക്കറ്റായിരുന്നു അവർക്ക് വിഷയം. 10 മിനിറ്റ് കളി ബാക്കിനിൽക്കെ വെളിച്ചക്കുറവ് പറഞ്ഞു കളി നിർത്തുംവരെ ഇരുവരും ഭദ്രമായി കോട്ട കാത്തപ്പോൾ ടെസ്റ്റിൽ ഒന്നും രണ്ടും റാങ്കുകാർക്ക് നാലു പോയൻറ് പങ്കിടാനായി വിധി.
ആദ്യ ഇന്നിങ്സിൽ 95 റൺസുമായി കിവി ബാറ്റിങ്ങിനെ നയിച്ച ലഥാം തന്നെ രണ്ടാം ഇന്നിങ്സിലും ടോപ്സ്കോററായി- 52 റൺസ്. ലഥാമിനെ മടക്കിയ രവിചന്ദ്രൻ അശ്വിനാകട്ടെ, അനിൽ കുംെബ്ലക്കും (619 വിക്കറ്റ്) കപിൽ ദേവിനും (434) പിറകിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായി. 419 വിക്കറ്റാണ് അശ്വിെൻറ സമ്പാദ്യം. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാമത് അർധ സെഞ്ച്വറിയും കുറിച്ച ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ.
രണ്ടാം ടെസ്റ്റ് മുംബൈയിൽ വെള്ളിയാഴ്ച ആരംഭിക്കും. കോഹ്ലിയുൾപ്പെടെ പ്രമുഖർ ടീമിൽ തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.