ജൊഹാനസ്ബർഗ്: ഇന്ത്യൻ പ്രവാസികളേറെയുള്ള ഡർബൻ നഗരത്തിൽ കിങ്സ്മീഡ് മൈതാനത്ത് ആതിഥേയർക്കെതിരെ ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണ് നിറഞ്ഞ ഗാലറിക്കു മുന്നിൽ നാളെ തുടക്കമാകുക.
ലോകകപ്പ് കഴിഞ്ഞ് ഏറെയായില്ലെന്നതിനാൽ പ്രമുഖരിൽ പലരെയും പുറത്തിരുത്തിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആതിഥേയ ഇലവനിൽ നായകൻ ടെംബ ബാവുമ അവധിയിലാണ്. പകരം എയ്ഡൻ മാർക്രമാകും നയിക്കുക. ക്വിന്റൺ ഡി കോക്കും ഇറങ്ങിയേക്കില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയ താരം അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പോടെ പടിയിറങ്ങിയേക്കും. ടീമിന്റെ ബൗളിങ് നെടുംതൂണായ കാഗിസോ റബാദയും ടീമിലുൾപ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബർഗറാകും എത്തുക. ബൗളിങ്ങിൽ കരുത്തുറപ്പിച്ച് ജെറാൾഡ് കൂറ്റ്സി, മാർകോ ജാൻസൺ എന്നിവരെ നിലനിർത്തിയിട്ടുണ്ട്. ലുംഗി എൻഗിഡിയും കേശവ് മഹാരാജും ടീമിലുണ്ടാകും.
മറുവശത്ത്, യുവനിരയെ വെച്ച് ആസ്ട്രേലിയൻ കരുത്തിനെ കെട്ടുകെട്ടിച്ച ആവേശവുമായാണ് ഇന്ത്യൻ വരവ്. സ്വന്തം തട്ടകങ്ങളിൽ 4-1നാണ് ഇന്ത്യ എതിരാളികളെ ഇല്ലാതാക്കിയത്. പ്രമുഖരിൽ പലരും അവധിയിലായതിനാൽ സൂര്യകുമാർ യാദവിനാണ് നായക ചുമതല. രവീന്ദ്ര ജദേജ ഉപനായകനുമാകും. മുൻനിരയിൽ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരെയും നിലനിർത്തിയിട്ടുണ്ട്.
കുട്ടിക്രിക്കറ്റ് കഴിഞ്ഞുള്ള ഏകദിന പരമ്പരയിൽ പക്ഷേ, സൂര്യകുമാർ യാദവ് ഇടംപിടിച്ചിട്ടില്ല. പകരം കെ.എൽ. രാഹുലിനാകും ചുമതല. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരടക്കം പ്രമുഖർ ട്വന്റി20 പരമ്പരയിൽ മാത്രമല്ല, ഏകദിനങ്ങളിലും ഇറങ്ങില്ല. അതേസമയം, രണ്ടു ടെസ്റ്റുകളിൽ ഇരുവരും തിരിച്ചെത്തും. പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.