മുംബൈ: ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളെല്ലാം അണിനിരക്കും. ജസ്പ്രീത് ബുംറയാണ് ഉപനായകൻ. ബുംറക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ സംഘത്തിലെ പേസർമാർ. വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവർക്കൊപ്പം ബാറ്റിങ്ങിന് കരുത്തേകാൻ യുവതാരങ്ങളായ ശുഭ്മൻ ഗില്ലും സർഫറാസ് ഖാനുമുണ്ട്. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.
കഴിഞ്ഞ പരമ്പരയിലെ താരമായ ഓൾറൗണ്ടർ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ടീമിലുണ്ട്. പരുക്കുമാറി തിരിച്ചുവരവിന് ഒരുങ്ങുന്ന പേസർ മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷമിയുള്ളത്. റിസർവ് താരങ്ങളായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിനൊപ്പം യാത്ര ചെയ്യും. 16ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടും മൂന്നും മത്സരങ്ങൾ യഥാക്രമം പുണെയിലും മുംബൈയിലുമാണ്.
ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.