ദുബൈ: ഈ വർഷം ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമമായി. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ ഇന്ത്യക്ക് പാകിസ്താനാണ് എതിരാളി. ഒക്ടോബർ 23ന് വിഖ്യാതമായ എം.സി.ജിയിൽ വെച്ചാണ് മത്സരം.
കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റിരുന്നു. ഐ.സി.സി ടൂർണമെന്റിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ തോൽവിയായിരുന്നു അത്.
സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ പാകിസ്താനൊപ്പം ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയോടൊപ്പമുള്ളത്. യോഗ്യത റൗണ്ട് ഗ്രൂപ്പ് 'എ'യിലെ റണ്ണറപ്പുമായി ഒക്ടോബർ 27ന് സിഡ്നിയിൽ വെച്ചാണ് ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാം മത്സരം.
ഒക്ടോബർ 30ന് പെർത്തിൽ വെച്ച് ദക്ഷിണാഫ്രിക്കയെയും നവംബർ രണ്ടിന് അഡ്ലെയ്ഡ് ഓവലിൽ ബംഗ്ലാദേശിനെയും നേരിടും. യോഗ്യത റൗണ്ട് ഗ്രൂപ്പ് 'ബി'യിലെ ജേതാക്കളുമായി നവംബർ ആറിന് എം.സി.ജിയിൽ വെച്ചാണ് സൂപ്പർ12 ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം.
ഒക്ടോബർ 22ന് സിഡ്നിയിൽ വെച്ചാണ് ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിന് തുടക്കമാകുക. കഴിഞ്ഞ വർഷത്തെ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമെന്നോണം നിലവിലെ ജേതാക്കളായ ഓസീസ് റണ്ണറപ്പുകളായ ന്യൂസിലൻഡിനെ നേരിടും.
ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യത റൗണ്ട് ഗ്രൂപ്പ് 'എ' ജേതാക്കളും ഗ്രൂപ്പ് 'ബി' റണ്ണറപ്പുകളുമാണ് ഗ്രൂപ്പ് ഒന്നിൽ അണിനിരക്കുന്നത്. നവംബർ ഒമ്പതിന് സിഡ്നിയിലും നവംബർ 10ന് അഡ്ലെയ്ഡിലും വെച്ചാണ് സെമിഫൈനലുകൾ. നവംബർ 13ന് മെൽബൺ കലാശപ്പോരാട്ടത്തിന് ആതിഥേയത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.