ആസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഐ.സി.സി ടെസ്റ്റ് ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. 32 മത്സരങ്ങളില്‍ 115 റേറ്റിങ് പോയന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 29 മത്സരങ്ങളില്‍ 111 റേറ്റിങ് പോയന്‍റായിരുന്നു ആസ്ട്രേലിയക്ക്. എന്നാൽ, ഒരു മണിക്കൂറിന് ശേഷം കംഗാരുപ്പട തന്നെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.
ഇംഗ്ലണ്ട്(106), ന്യൂസിലന്‍ഡ്(100), ദക്ഷിണാഫ്രിക്ക(85) എന്നിവരായിരുന്നു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എന്നാൽ, ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായി കാണിച്ചത് ഐ.സി.സിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായിരുന്നു. അവസാനത്തെ അപ്‌ഡേറ്റിൽ, 3668 പോയിന്റും 126 റേറ്റിങ് പോയിന്റുമായി ആസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 115 റേറ്റിങ് പോയിന്റുമായി ഇന്ത്യ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
നിലവിൽ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാമതാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് നേടിയാൽ ഏകദിന റാങ്കിങ്ങിലും നീലപ്പടക്ക് ഒന്നാം സ്ഥാനത്തെത്താം. അതിനിടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലെത്തിയത് ഇന്ത്യൻ ആരാധകർ ആഘോഷമാക്കിയെങ്കിലും അതിന് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, ഐസിസി അവരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.
അടുത്ത മാസം നടക്കുന്ന ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര നേടാനായാൽ കംഗാരുക്കളെ അട്ടിമറിച്ച് ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കഴിയും. പരമ്പര നേടിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്. അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. 17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് അവശേഷിക്കുന്ന ടെസ്റ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.