മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിലെ മത്സര ക്രമങ്ങളും തീയതിയും പ്രഖ്യാപിച്ചു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവാരവുമായി മൂന്നു വീതം ട്വന്‍റി20യും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് ട്വന്‍റി20 മത്സരങ്ങൾ.
ആഗസ്റ്റ് രണ്ട്, നാല്, ഏഴ് തീയതികളിൽ ഏകദിനവും നടക്കും. ട്വന്‍റി20 ലോകകപ്പിനുശേഷമുള്ള ഇന്ത്യയുടെ രണ്ടാമത്തെ ട്വന്‍റി20 പരമ്പരയാണിത്. സിംബാബ് വെയിൽ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. യുവതാരം ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഐ.പി.എല്ലിലെ കണ്ടെത്തലുകളായ അഭിഷേക് ശർമ, റിയാൻ പരാഗ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ടീമിൽ ഇടംനേടിയിട്ടുണ്ട്.
അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് തയാറെടുപ്പിനുള്ള അവസരം കൂടിയാണ് ലങ്കക്കെതിരായ ഏകദിന പരമ്പര. പാകിസ്താൻ വേദിയാകുന്ന ടൂർണമെന്‍റ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് നടക്കുക. അതുകൊണ്ടു തന്നെ ഏകദിനത്തിന് ഇന്ത്യയുടെ ഫുൾ ടീം തന്നെയാകും കളത്തിലിറങ്ങുക. ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായി കുറച്ച് ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. സീനിയർ താരങ്ങളെ പരമാവധി ടീമിൽ ഉൾപ്പെടുത്താനാകും മാനേജ്മെന്‍റ് തീരുമാനം.
ട്വന്‍റി20 ലോകകപ്പിനുശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്. പുതിയ പരിശീലകന് കീഴിലാകും ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ കളിക്കാനിറങ്ങുക. മുൻ ബാറ്റർ ഗൗതം ഗംഭീർ പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. വി.വി.എസ്. ലക്ഷ്മണാകും സിംബാബ്വെ പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകൻ. ട്വന്‍റി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.