ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാംദിനം ഇന്ത്യക്ക് സ്വന്തം. നായകൻ രോഹിത് ശർമയുടെ അർധ സെഞ്ച്വറി കരുത്തിൽ ഒന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്.
69 പന്തിൽ 56 റൺസുമായി രോഹിത്തും അഞ്ചു പന്തിൽ റണ്ണൊന്നും എടുക്കാതെ രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജദേജ അഞ്ചും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീതവും നേടി വരിഞ്ഞുമുറുക്കിയതോടെ സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 177 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ആസ്ട്രേലിയ -63.5 ഓവറിൽ 177ന് എല്ലാവരും പുറത്ത്. ഇന്ത്യ -24 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ്.
കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 71 പന്തിൽ 20 റൺസെടുത്ത രാഹുലിനെ ടോഡ് മർഫിയാണ് പുറത്താക്കിയത്. രോഹിത്തിന്‍റെ ടെസ്റ്റ് കരിയറിലെ 15ാം അർധ സെഞ്ച്വറിയാണിത്. നേരത്തെ, ഓസിസ് ഓപ്പണർമാരായ ഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും വേഗത്തിൽ മടക്കി മുഹമ്മദ് ഷമിയും സിറാജും നൽകിയ തുടക്കം ജദേജയും അശ്വിനും ഏറ്റെടുക്കുകയായിരുന്നു. 123 പന്തിൽ 49 റൺസെടുത്ത മാർനസ് ലബൂഷെയ്നെയാണ് സന്ദർശക നിരയിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 37 റൺസെടുത്തു.
ഇരുവരെയും മടക്കി ജദേജയാണ് ഇന്ത്യക്ക് ബ്രേക്ക് നൽകിയത്. രണ്ടു വിക്കറ്റിന് 84 റൺസ് എന്ന മാന്യമായ ടോട്ടലിൽ നിൽക്കെയാണ് 36ാം ഓവർ എറിയാനെത്തിയ ജദേജ ഗിയർ മാറ്റിപ്പിടിച്ചത്. ജഡേജയുടെ പന്തിൽ കന്നിക്കാരനായ ഭരത് ഓസീസ് ഹിറ്ററെ സ്റ്റംപ് ചെയ്തു. തൊട്ടുപിറകെ റെൻഷായെ (പൂജ്യം) ജദേജ വിക്കറ്റിന് പിന്നിൽ കുടുക്കി. അതോടെ, ബാക് ഫൂട്ടിലായ ആസ്ട്രേലിയൻ ബാറ്റിങ് കൂടുതൽ ഇഴയുന്നതിനിടെയാണ് സ്മിത്തും കൂടാരം കയറുന്നത്. ജഡേജയുടെ പന്തിൽ സ്മിത്ത് ബൗൾഡാകുകയായിരുന്നു.
ഓസീസ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. പീറ്റർ ഹാൻഡ്സ്കോമ്പ് (31), അലക്സ് കാരി (36), പാറ്റ് കമ്മിൻസ് (ആറ്), ടോഡ് മർഫി (പൂജ്യം), സ്കോട്ട് ബോളൻഡ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നഥാൻ ലിയോൺ റൺസൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന്‍റെയും ശ്രീകാർ ഭരതിന്‍റെയും ടെസ്റ്റ് അരങ്ങേറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.