ഗുവാഹത്തി: അവസാന പന്തുവരെ നീണ്ട ആവേശപോരിനൊടുവിൽ ഇന്ത്യയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ആസ്ട്രേലിയ. ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയാണ് മൂന്നാം ട്വന്‍റി20യിൽ ഓസീസിനെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
ഓസീസ് മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങളിൽ ആതിഥേയർക്കായിരുന്നു ജയം. 48 പന്തിൽ മാക്‌സ്‌വെൽ 104 റൺസെടുത്ത് പുറത്താകാതെ നിന്നു. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ പുറത്തെടുത്ത പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ട് ബാറ്റിങ്. എട്ടു വീതം സിക്സും ഫോറുമാണ് താരം നേടിയത്.
നായകൻ മാത്യു വെയ്ഡ് 28 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന രണ്ടു ഓവറിൽ ഓസീസിന് ജയിക്കാൻ 43 റൺസാണ് വേണ്ടിയിരുന്നത്. അക്സർ പട്ടേലിന്‍റെ 19ാം ഓവറിൽ 22 റൺസാണ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ്. 20ാം ഓവർ എറിഞ്ഞ പ്രസിദ് കൃഷ്ണയുടെ അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. മാക്‌സ്‌വെൽ ബൗണ്ടറി നേടി ടീമിന് ജയം സമ്മാനിച്ചു. ട്രാവിസ് ഹെഡ് (18 പന്തിൽ 35), ആരോൺ ഹാഡി (12 പന്തിൽ 16), ജോഷ് ഇംഗ്ലിസ് (ആറു പന്തിൽ 10), മാർകസ് സ്റ്റോയിനിസ് (21 പന്തിൽ 17), ടിം ഡേവിഡ് (പൂജ്യം) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റർമാർ.
ഇന്ത്യക്കായി രവി ബിഷ്ണോയ് രണ്ടു വിക്കറ്റും അർഷ്ദീപ് സിങ്, ആവേശ് ഖാൻ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. ഗെയ്‌ക്‌വാദിന്‍റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. 57 പന്തിൽ 123 റൺസെടുത്തു. ഏഴു സിക്സും 13 ഫോറുമാണ് താരം നേടിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്സാൾ ആറു റൺസും ഇഷാൻ കിഷൻ റണ്ണൊന്നും എടുക്കാതെയും മടങ്ങി. 24 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ടു വിക്കറ്റ് നഷ്ടം. മൂന്നാം വിക്കറ്റിൽ നായകൻ സൂര്യകുമാറും ഗെയ്ക്വാദും ചേർന്ന അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
29 പന്തിൽ 39 റൺസെടുത്ത് സൂര്യകുമാർ പുറത്തായി. പിന്നാലെ ഗെയ്ക്വാദ് തിലക് വർമയെ കൂട്ടുപിടിച്ച് വമ്പനടികളുമായി കളം നിറയുകയായിരുന്നു. ഇരുവരും ചേർന്ന് 46 പന്തിൽ 100 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. മാക്സ്വെല്ലിന്‍റെ അവസാന ഓവറിൽ മാത്രം 30 റൺസാണ് അടിച്ചെടുത്തത്. 24 പന്തിൽ 31 റൺസെടുത്ത് തിലക് വർമ പുറത്താകാതെ നിന്നു.
ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആരോൺ ഹാർഡി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടി ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.