സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 244 റൺസിന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്സിൽ 338 റൺസെടുത്ത ആസ്ട്രേലിയക്ക് 94 റൺസിന്‍റെ മുൻതൂക്കമായി. രണ്ടിന് 96 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ 244 റൺസിലൊതുങ്ങിയത്.
22 റൺസുമായി നായകൻ അജിൻക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. അധികം വൈകാതെ നാല് റൺസ് മാത്രമെടുത്ത ഹനുമ വിഹാരി റണ്ണൗട്ട് ആയതോടെ പതറിയ ഇന്ത്യയെ ചേതേശ്വർ പുജാരയും (50) ഋഷഭ് പന്തും (36) ചേർന്നാണ് പിടിച്ചുനിർത്തിയത്.
ഉച്ചഭക്ഷണത്തിന് പിരിയുേമ്പാൾ ഇന്ത്യ നാലിന് 160 റൺസെന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും 53 റൺസ് ചേർത്തു. എന്നാൽ ന്യൂബോൾ എടുത്തതോടെ കളി മാറി. പുജാരയും പന്തും അടുത്തടുത്ത ഓവറുകളിൽ ഔട്ടായി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
തന്‍റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ച്വറി കുറിച്ചാണ് പുജാര മടങ്ങിയത്. 174 പന്തുകളിൽ നിന്നായിരുന്നു 26ാം ടെസ്റ്റ് ഫിഫ്റ്റി. ഇതിനിടെ അനാവശ്യ റണ്ണിനോടി ആർ. അശ്വിൻ (10) റണ്ണൗട്ടായി. ഭീമൻ ബൗൺസറുകളുമായി ഓസീസ് പേസർമാർ ഇന്ത്യൻ വാലറ്റത്തെ വിറപ്പിച്ചു. മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ റണ്ണൗട്ടായാണ് മടങ്ങിയത്. ഇത് ഏഴാം തവണയാണ് മൂന്നോ അതിൽ അധികമോ ഇന്ത്യൻ താരങ്ങൾ റണ്ണൗട്ടാകുന്നത്.
28 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജദേജയാണ് ആതിഥേയരുടെ ലീഡ് 100ൽ താഴെ ആക്കിയത്. നവ്ദീപ് സെയ്നി (4), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഓസീസിനായി പാറ്റ് കമ്മിൻസ് നാലുവിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ് രണ്ടുവിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.