സെന്‍റ് ലൂസിയ: ഹിറ്റ്മാൻ രോഹിത് വീണ്ടും കളംനിറഞ്ഞ മത്സരത്തിൽ ആസ്ട്രേലിയക്കുമുന്നിൽ 206 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യ പത്തോവറിൽ ഓസീസ് ബൗളർമാരെ രോഹിത് പഞ്ഞിക്കിട്ടു. സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ വീണെങ്കിലും നായകന്‍റെ പ്രകടനം ഇന്ത്യൻ ഇന്നിങ്സിന്‍റെ നെടുംതൂണായി. മധ്യനിരയിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനവും നിർണായകമായി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 205 റൺസ് നേടിയത്. ഓസീസിനെതിരെ ട്വന്‍റി20 ലോകകപ്പിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണിത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സുപ്പർ താരം വിരാട് കോഹ്ലിയെ തുടക്കത്തിൽ നഷ്ടമായെങ്കിലും നായകൻ രോഹിത് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട അഞ്ചാം പന്തിൽ ടിം ഡേവിഡിന് ക്യാച്ച് നൽകിയ കോഹ്ലി, സംപൂജ്യനായാണ് മടങ്ങിയത്. കത്തിക്കയറിയ രോഹിത് മിച്ചൽ സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറും അടിച്ചുകൂട്ടി. ആദ്യ അഞ്ചോവറിൽ 52 റൺസാണ് ഇന്ത്യ നേടിയത്. ഇതിൽ അൻപതും രോഹിത്തിന്‍റെ സംഭാവനയായിരുന്നു. കേവലം 19 പന്തിലാണ് ഇന്ത്യൻ നായകൻ അർധ ശതകം കണ്ടെത്തിയത്. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 എന്ന നിലയിലായിരുന്നു ഇന്ത്യ.
മാർകസ് സ്റ്റോയിനിസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ഋഷഭ് പന്ത് (14 പന്തിൽ 15) പുറത്തായി. ലോങ് ഓഫിൽ ജോഷ് ഹെയ്സൽവുഡ് പിടിച്ചാണ് താരം പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെയിറങ്ങിയ സൂര്യകുമാർ യാദവും താളം കണ്ടെത്തിയതോടെ 8.4 ഓവറിൽ ടീം സ്കോർ 100 കടന്നു. ആദ്യ പത്തോവറിൽ 114 റൺസാണ് ഇന്ത്യ നേടിയത്.
സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് 12-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി. 41 പന്തിൽ എട്ട് സിക്സും ഏഴ് ഫോറും സഹിതം 92 റൺസാണ് താരം അടിച്ചുകൂട്ടിയത്. ശിവം ദുബെയെ ഒപ്പം കൂട്ടിയ സൂര്യകുമാർ 13.4 ഓവറിൽ ടീം സ്കോർ 150 കടത്തി. എന്നാൽ രണ്ടോവർ പിന്നിടുന്നതിനിടെ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് സമ്മാനിച്ച് സൂര്യ മടങ്ങി. 16 പന്തിൽ 31 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കാണ് കൂടാരം കയറ്റിയത്. ഇതോടെ ഇന്ത്യ 14.3 ഓവറിൽ നാലിന് 159 എന്ന നിലയിലായി.
സ്റ്റോയിനിസിന്‍റെ 19-ാം ഓവറിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി ശിവം ദുബെ (22 പന്തിൽ 28) കൂടാരം കയറി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 27*) രവീന്ദ്ര ജഡേജയും (അഞ്ച് പന്തിൽ ഒമ്പത്*) ചേർന്ന് ടീം സ്കോർ 200 കടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.