വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം; പരമ്പര തൂത്തുവാരി

മിർപുർ (ബംഗ്ലാദേശ്): രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മത്സരവും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി.

സ്കോർ: ബംഗ്ലാദേശ് -227, 231. ഇന്ത്യ -314, 145/7. നാലാംദിനം നൂറ് റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ആതിഥേയർ സ്പിൻ ബൗളിങ്ങിലൂടെ വരിഞ്ഞുമുറുക്കി. ശ്രേയസ് അയ്യരും ആർ. അശ്വിനും നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അശ്വിൻ ടോപ് സ്കോററായി. 62 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 42 റൺസെടുത്തു. അയ്യർ 46 പന്തിൽ 29 റൺസെടുത്തു.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടുനിൽക്കെ, ഇരുവരും ഒത്തുചേർന്ന് ടീമിനെ ജയത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും 71 റൺസാണ് കൂട്ടിചേർത്തത്. 16 പന്തിൽ 13 റൺസെടുത്ത ജയ്ദേവ് ഉനദ്കടിന്‍റെ വിക്കറ്റാണ് നാലാംദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഋഷഭ് പന്ത് (13 പന്തിൽ ഒമ്പത്), അക്സർ പട്ടേൽ (69 പന്തിൽ 34) എന്നിവരും വേഗം മടങ്ങി.

താൽക്കാലിക ക്യാപ്റ്റൻ കെ.എൽ. രാഹുൽ (രണ്ട്), ചേതേശ്വർ പുജാര (ആറ്), ശുഭ്മൻ ഗിൽ (ഏഴ്), വിരാട് കോഹ്‍ലി (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസ് നാലു വിക്കറ്റും ശാക്കിബുൽ ഹസൻ രണ്ടു വിക്കറ്റും നേടി. 87 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 227 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിങ്സിൽ ഇന്ത്യ 314 റൺസാണെടുത്തത്.

Tags:    
News Summary - India vs Bangladesh 2nd Test, India Sweep Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.