സിക്സർ പറത്തി ഗില്ലിന്‍റെ അർധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വമ്പൻ ലീഡിലേക്ക്. നിലവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 350 കടന്നു.

99 പന്തിൽ 57 റൺസെടുത്ത ശുഭ്മൻ ഗില്ലും 63 പന്തിൽ 30 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ 30ാം ഓവറിൽ രണ്ടു സിക്സുകൾ പറത്തിയാണ് ഗില്ല് ടെസ്റ്റ് കരിയറിലെ ആറാം അർധ സെഞ്ച്വറി കുറിച്ചത്. രണ്ടു സിക്സും നാലു ബൗണ്ടറിയും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ആദ്യ ഇന്നിങ്സിൽ ഗിൽ പൂജ്യത്തിന് പുറത്തായിരുന്നു. കൂറ്റൻ ലീഡ് കണ്ടെത്തി ബംഗ്ലാദേശിനെ എത്രയും വേഗം ബാറ്റിങ്ങിന് അയക്കുകയാണ് രോഹിത് ശർമയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

മൂന്നിന് 81 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. നേരത്തെ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിങ്സിൽ 376 റൺസ് നേടിയ ഇന്ത്യക്കെതിരെ സന്ദർശകർ 149 റൺസിന് മടങ്ങി. ബുംറയുടെ നാലു വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റിങ്ങിനെ തകർത്തത്. അതേസമയം, രണ്ടാം ഇന്നിങ്സിലും ക്യാപ്റ്റൻ രോഹിത് ശർമ (അഞ്ച്) നിരശാപ്പെടുത്തി. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി 17 റൺസ് മാത്രം നേടി. യുവ ഓപണർ യശസ്വി ജയ്സ്വാർ 10 റൺസെടുത്തും പുറത്തായി.

200 റൺസിലധികം ലീഡ് നേടിയിട്ടും ഇന്ത്യ എതിരാളികളെ ഫോളോഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മൂന്നിന് 339 എന്ന നിലയിൽ രണ്ടാം ദിനമായ വെള്ളിയാഴ്ച ബാറ്റിങൂ പുനരാരംഭിച്ച ഇന്ത്യക്ക് 37 റൺസ് കൂടിയേ ചേർക്കാനായുള്ളൂ. സെഞ്ച്വറി വീരൻ ആർ. അശ്വിൻ 113 റൺസിന് പുറത്തായി. രവീന്ദ്ര ജദേജക്ക് സെഞ്ച്വറിയിലെത്താനായില്ല. 86 റൺസിന്റെ കരുത്തുറ്റ ഇന്നിങ്സുമായി ജദേജ മടങ്ങി. ആകാശ്ദീപ് 17ഉം ബുംറ ഏഴും റൺസെടുത്തു. ബംഗ്ലാദേശിന്റെ യുവപേസർ ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു.

രണ്ടാം ദിനം ഇരു ടീമുകളിലുമായി 17 വിക്കറ്റുകളാണ് ചെപ്പോക്ക് മൈതാനത്ത് പിറന്നത്. ഈ വിക്കറ്റുകളിൽ അഴകും കരുത്തും ജസ്പ്രീത് ബുംറയുടേത് തന്നെയായിരുന്നു. ആദ്യ ഓവറിൽതന്നെ ബുംറ പ്രഹരമേൽപിച്ചു. സീസണിൽ ഫോമിലുള്ള ഓപണർ ഷാദ്മൻ ഇസ്‍ലാമായിരുന്നു ആദ്യ ഇര. ഔട്സിംഗർ പ്രതീക്ഷിച്ച ഷാദ്മനെതിരെ ലൈൻ മാറ്റിയാണ് ബംറ എറിഞ്ഞത്. ഓഫ്സ്റ്റംപ് തെറിച്ചത് ഫലം. മുശ്ഫിഖുർറഹീം, ടസ്കിൻ അഹ്മദ്, ഹസൻ മഹ്മൂദ് എന്നിവരുടെ വിക്കറ്റും മുംബൈ താരം സ്വന്തമാക്കി.

മുശ്ഫിഖിന്റെ വിക്കറ്റ് ചേതോഹരമായ കാഴ്ചയായിരുന്നു. ബാറ്റിലേക്ക് വരുമെന്നുറപ്പിച്ച് പ്രതിരോധത്തിന് ശ്രമിച്ച മുശ്ഫിഖിന്റെ ബാറ്റിലുരഞ്ഞ് പന്ത് കെ.എൽ. രാഹുലിന്റെ കൈയിലെത്തി. മികച്ച ലെങ്ത്തിലുള്ള പന്ത് ബൗൺസ് ചെയ്ത ശേഷം സ്വിങ് ചെയ്ത് ബാറ്ററെ അത്ഭുതപ്പെടുത്തി. ഒമ്പതാം ഓവറിൽ തുടർച്ചയായി രണ്ടുപേരെ പുറത്താക്കി ആകാശ്ദീപ് ഇന്ത്യക്ക് മുൻതൂക്കമേകി. സക്കീർ ഹസനും (മൂന്ന്) മോമിനുൽ ഹഖും (പൂജ്യം) ആണ് പുറത്തായത്. ആറാം വിക്കറ്റിൽ സീനിയർ താരങ്ങളായ ലിട്ടൺ ദാസും (22) ശാക്കിബുൽ ഹസനും (32) ചേർത്ത 51 റൺസാണ് സന്ദർശകരുടെ ഇന്നിങ്സിലെ മികച്ച പാർട്ണർഷിപ്.

Tags:    
News Summary - India vs Bangladesh Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.