അശ്വിന് സെഞ്ച്വറി (108 പന്തിൽ 100*); കട്ടക്ക് കൂടെനിന്ന് ജദേജയും; കരകയറി ഇന്ത്യ; ബംഗ്ലാദേശിനെതിരെ 300 കടന്നു

ചെന്നൈ: തുടക്കക്കാരൻ ഹസൻ മഹ്മൂദിനു മുന്നിൽ പതറിയ ഇന്ത്യയെ കരകയറ്റി രവീന്ദ്ര ജദേജയും ആർ. അശ്വിനും. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിലവിൽ ഇന്ത്യ 79 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 335 റൺസെടുത്തിട്ടുണ്ട്. ഏകദിന ശൈയിൽ ബാറ്റുവീശുന്ന അശ്വിൻ 108 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്. 109 പന്തിൽ 83 റൺസുമായി രവീന്ദ്ര ജദേജയാണ് കൂട്ടായി ക്രീസിലുള്ളത്.

രണ്ടു സിക്സും 10 ബൗണ്ടറിയുമടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ആറാമത്തെ സെഞ്ച്വറിയാണ്. ബംഗ്ലാ ബൗളർമാരെ അനായാസം നേരിടുന്ന ഇരുവരും ഏഴാം വിക്കറ്റിൽ ഇതിനകം 191 റൺസാണ് കൂട്ടിച്ചേർത്തത്. തുടക്കത്തിലെ തകർച്ചയിൽനിന്ന് ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഒപ്പണർ യശസ്വി ജയ്സ്വാളിന്‍റെ അർധ സെഞ്ച്വറിയാണ്. 118 പന്തിൽ 56 റൺസെടുത്ത താരം നഹീദ് റാണയുടെ പന്തിൽ ശദ്മൻ ഇസ്‍ലാമിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 9.2 ഓവറിൽ 34 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. നായകൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്ലി (ആറു പന്തിൽ ആറ്) എന്നിവരാണ് ആദ്യ സെഷനിൽ തന്നെ പുറത്തായത്. പേസർ ഹസൻ മ‌ഹ്മൂദിനാണു മൂന്നു വിക്കറ്റുകളും.‌

തുടർന്ന് നാലാം വിക്കറ്റിൽ ജയ്സ്വാളും ഋഷഭ് പന്തും ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. സ്കോർ 96ൽ നിൽക്കെ പന്തിനെ (52 പന്തിൽ 39) മഹ്മൂദ് ഹസൻ ലിറ്റൺ ദാസിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ മെഹ്ദി ഹസൻ കെ.എൽ. രാഹുലിനെയും (52 പന്തിൽ 16) പുറത്താക്കി. 144 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ട ഇന്ത്യയുടെ രക്ഷാപ്രവർത്തനം സ്പിൻ സ്പെഷലിസ്റ്റുകളായ അശ്വിനും ജദേജയും ഏറ്റെടുക്കുകയായിരുന്നു.

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാലു വിക്കറ്റ് വീഴ്ത്തി. നഹീദ് റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മഹ്മൂദ് എറിഞ്ഞ ആറാം ഓവറിൽ രോഹിത്തിനെ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്താണ് പുറത്താക്കി. എട്ടു പന്തുകൾ നേരിട്ട ശുഭ്മന്‍ റണ്ണെടുക്കും മുമ്പേ മടങ്ങി. കോഹ്ലിയും അധികം വൈകാതെ ഗ്രൗണ്ട് വിട്ടു. 10ാം ഓവറിൽ ലിറ്റൻ ദാസ് ക്യാച്ചെടുത്തായിരുന്നു താരത്തിന്‍റെ മടക്കം.

Tags:    
News Summary - India vs Bangladesh1st Test: India Cross 300 vs Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.