ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ് റൺചേസ് തേടിയിറങ്ങിയ ഇന്ത്യക്ക് 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ് ചെയ്യണമോ സമനിലക്കായി കളിക്കണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ ബാറ്റിങ് നിര ഇംഗ്ലീഷുകാർക്ക് മുമ്പിൽ കവാത്ത് മറന്നു. ഇന്ത്യയെ 192 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് വമ്പൻ വിജയത്തോടെ പര്യടനം ആഘോഷമായിത്തുടങ്ങി. നാലുവിക്കറ്റ് വീതമെടുത്ത വെറ്ററൻ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണും സ്പിന്നർ ജാക്ക് ലീഷുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 50 റൺസെടുത്ത ശുഭ്മാൻ ഗില്ലും 72 റൺസെടുത്ത വിരാട് കോഹ്ലിയുമാണ് ഇന്ത്യൻനിരയിൽ ചെറുത്തുനിന്നത്.
ഒരുവിക്കറ്റിന് 39 റൺസെന്ന നിലയിൽ അഞ്ചാംദിനം റൺമലകയറാനെത്തിയ ഇന്ത്യക്ക് വന്മതിൽ ചേതേശ്വർ പുജാരെയെയാണ് (15) ആദ്യം നഷ്ടമായത്. അധികം വൈകാതെ ഇന്ത്യൻ സ്കോർ 92ൽ നിൽക്കേ നന്നായി ബാറ്റുചെയ്ത ഗില്ലിനെ (50) തകർപ്പൻ ഇൻസ്വിങ്ങറിലൂടെ കുറ്റിതെറിപ്പിച്ച് ആൻഡേഴ്സൺ മടക്കി. അതേ ഓവറിൽ തന്നെ സമാനമായാരു പന്തിലൂടെ റൺസൊന്നുമെടുക്കാത്ത രഹാനെയയും ആൻഡേഴ്സൺ ക്ലീൻ ബൗൾഡാക്കിയതോടെ ഇന്ത്യൻ വിധി തീരുമാനമായിരുന്നു.
ഋഷഭ് പന്ത് (11), വാഷിങ്ടൺ സുന്ദർ (0), രവിചന്ദ്രൻ അശ്വിൻ (9) എന്നിവരും വൈകാതെ നിരായുധരായി കൂടാരം കയറി. അപ്പോഴും ഒരറ്റത്ത് ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത കോഹ്ലി ഇന്ത്യക്ക് നേരിയ ആശ്വാസം പകർന്നു സ്കോർ 179ൽ നിൽക്കേ എട്ടാം വിക്കറ്റായി കോഹ്ലി സ്റ്റോക്സിനുമുമ്പിൽ ക്ലീൻ ബൗൾഡായതോടെ ശേഷിച്ചത് ചടങ്ങുകൾ മാത്രമായിരുന്നു. ഷഹബാസ് നദീം പൂജ്യത്തിനും ജസ്പ്രീത് ബുംറ നാലുറൺസുമെടുത്തും പുറത്തായി.
നാലുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുമ്പിലെത്തി. ഫെബ്രുവരി 13 മുതൽ 17 വരെ ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.