ഹൈദരാബാദ്: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നര ദിവസംകൊണ്ട് അവസാനിച്ച ടെസ്റ്റിലെ ചരിത്രവിജയം നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യ പുതുവർഷത്തിൽ മറ്റൊരു പരമ്പരക്ക്. ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ന് ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാവും. ഒന്നര വർഷം മുമ്പാണ് ഇരു ടീമും തമ്മിൽ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. അഞ്ച് മത്സര പരമ്പര 2-2 സമനിലയിൽ കലാശിച്ചു. 2021ൽ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോൾ 3-1നായിരുന്നു ആതിഥേയ ജയം.
സ്പിൻബാൾ Vs ബാസ്ബാൾ
ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ്ബാൾ ശൈലിയുമായി ആദ്യമായാണ് അവർ ഇന്ത്യയിലെത്തുന്നത്. ഇത് വിജയം കാണുമോ എന്ന ആകാംക്ഷയിലാണ് കായിക ലോകം. സ്പിൻ അനുകൂല പിച്ചുകളിൽ നാല് ദിവസം പോലും തികയാത്ത മത്സരങ്ങളാണ് ഇന്ത്യയിലെ സമീപകാല ടെസ്റ്റ് അനുഭവങ്ങൾ. വെറ്ററൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും ഇരു തലക്കൽ നിന്നും ഇംഗ്ലീഷുകാരെ കറക്കിവീഴ്ത്തുമോയെന്നാണ് ആതിഥേയർ ഉറ്റുനോക്കുന്നത്. ജാക് ലീച്ചാണ് സ്പിൻ ബൗളിങ്ങിൽ ഇംഗ്ലണ്ടിന്റെ പ്രധാന ആയുധം. പുതുമുഖ ഓഫ് സ്പിന്നർ ശുഐബ് ബഷീറിന് വിസ പ്രശ്നങ്ങൾ കാരണം ഇന്ത്യയിലെത്താൻ കഴിയാത്തത് ബെൻ സ്റ്റോക്സ് നയിക്കുന്ന സന്ദർശക ടീമിന് തിരിച്ചടിയാണ്.
വിരാട് കോഹ്ലിയുടെ അഭാവമുണ്ടെങ്കിലും രോഹിത് ശർമ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ തുടങ്ങിയവർ ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തേകും. രാഹുൽ വിക്കറ്റ് കീപ്പറാകില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.എസ്. ഭരതാണ് സാധ്യതകളിൽ മുമ്പൻ. വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെലും സംഘത്തിലുണ്ട്. പേസ് ബൗളിങ് നയിക്കാൻ ജസ്പ്രീത് ബുംറ തിരിച്ചെത്തി; കൂടെ മുഹമ്മദ് സിറാജുമുണ്ട്. ഇംഗ്ലീഷ് ബാറ്റിങ്ങിൽ ജോണ ബെയർസ്റ്റോയും ജോ റൂട്ടും വേരുറപ്പിച്ചാൽ ഇന്ത്യക്ക് പണിയാവും.
സാധ്യത ഇലവൻ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, കെ.എസ് ഭരത്, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജാക്ക് ലീച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.