മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഹർമൻപ്രീത് കൗറും സംഘവും ഇംഗ്ലീഷുകാരെ തോൽപിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 126 റൺസിന് പുറത്തായി. ആതിഥേയർ 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130ലെത്തി. 48 പന്തിൽ 48 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി ഷെയ്ഖ ഇഷാഖും ശ്രേയങ്ക പാട്ടിലും മൂന്നു വീതവും രേണുക സിങ്ങും അമൻജോത് കൗറും രണ്ടു വീതവും വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങി. ക്യാപ്റ്റൻ ഹെതർ നൈറ്റിന്റെ (52) അർധശതകമാണ് ഇംഗ്ലണ്ടിനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്.
127 റൺസ് തേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ സ്കോർ 11ൽ ഓപണർ ഷഫാലി വർമയെ (6) നഷ്ടപ്പെട്ടു. ഫ്രേയ കെംപ് ബൗൾഡാക്കുകയായിരുന്നു. സ്മൃതിയും ജെമീമ റോഡ്രിഗസും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യം ഇന്ത്യക്ക് ജയപ്രതീക്ഷ നൽകി. 12ാം ഓവറിൽ ജെമീമയെ (29) ചാർളി ഡീൻ വിക്കറ്റിനു മുന്നിൽ കുരുക്കി. 68ൽ രണ്ടാം വിക്കറ്റ് വീണെങ്കിലും ടീം പതറിയില്ല. 16ാം ഓവറിൽ ദീപ്തി ശർമയെയും (12) കെംപ് പുറത്താക്കി. അർധശതകത്തിലേക്കു നീങ്ങിയ സ്മൃതി 17ാം ഓവർ തീരവെ സോഫി എക്കിൾസ്റ്റോണിന് വിക്കറ്റ് നൽകി. അപ്പോഴേക്കും ഇന്ത്യ ജയത്തിനരികിലെത്തിയിരുന്നു. രണ്ടു റൺസെടുത്ത റിച്ച ഘോഷിനെ എക്കിൾസ്റ്റോൺ ബൗൾഡാക്കിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീതും (6 നോട്ടൗട്ട്) അമൻജോത് കൗറും (13 നോട്ടൗട്ട്) ചേർന്ന് അർഹിച്ച ജയം നേടിക്കൊടുത്തു.
തകർച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. രേണുക എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഓപണർ മയ ബൂഷിയർ (0) ബൗൾഡ്. സ്കോർബോർഡിൽ ഒരു റൺ മാത്രം. മൂന്നാം ഓവർ അവസാനിക്കെ മറ്റൊരു ഓപണർ സോഫിയ ഡങ്ക്ലിയും (11) രേണുകക്ക് ഇരയായി. ശ്രേയങ്ക പാട്ടിൽ ക്യാച്ചെടുത്തു. 24ൽ രണ്ടാം വിക്കറ്റ്. ആറാം ഓവറിൽ ആലിസ് കാപ്സി (7) ജെമീമ റോഡ്രിഗസിന് ക്യാച്ച് നൽകി. ഷെയ്ഖ ഇഷാഖിനായിരുന്നു വിക്കറ്റ്. മൂന്നിന് 26. ഹെതർ നൈറ്റിനൊപ്പം അമി ജോൺസ് പിടിച്ചുനിന്നതോടെ ഇംഗ്ലണ്ട് കരകയറുമെന്ന് കരുതിയെങ്കിലും ഇന്ത്യൻ ബൗളർമാർ വെറുതെവിട്ടില്ല. 21 പന്തിൽ 25 റൺസെടുത്ത അമിയെ ഷെയ്ഖ എറിഞ്ഞ 12ാം ഓവറിൽ ശ്രേയങ്ക പിടികൂടി. സ്കോർബോർഡിൽ 67. തൊട്ടടുത്ത പന്തിൽ ഡാനിയേലെ ഗിബ്സൺ (0) ഗോൾഡൻ ഡക്ക് ബൗൾഡ്.
പിന്നാലെ ബെസ് ഹീത്തിനെ (1) ശ്രേയങ്കയും മടക്കി. തൊട്ടടുത്ത പന്തിൽ ഫ്രേയ കാംപ് (0) വിക്കറ്റിനു മുന്നിൽ കുടുക്കി. ഡക്കായി കാംപ് പുറത്താവുമ്പോൾ ഏഴിന് 70. സോഫി എക്കിൾസ്റ്റോണിനെ (2) 15ാം ഓവറിൽ ഷെയ്ഖ ബൗൾഡാക്കി. നൈറ്റ് ഒരു ഭാഗത്ത് പൊരുതുന്നതായിരുന്നു ആശ്വാസം. ചാർളി ഡീനിനെ കൂട്ടിന് കിട്ടിയതോടെ നൈറ്റ് ടീം സ്കോർ മൂന്നക്കം കടത്തി മുന്നോട്ടുകൊണ്ടുപോയി. അൻജ്യോത് കൗർ എറിഞ്ഞ 20ാം ഓവറിലെ അഞ്ചാം പന്തിൽ നൈറ്റിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറും മലയാളി താരവുമായ മിന്നു മണി പിടിച്ചു. തൊട്ടടുത്ത പന്തിൽ മഹിക കൗറും (0) ഡക്കായതോടെ ഇംഗ്ലണ്ട് 126ൽ അവസാനിപ്പിച്ചു. ചാർളി 15 പന്തിൽ 16 റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.