അഹ്മദാബാദ്: മൂന്നാം ട്വന്‍റിയിൽ ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് പരമ്പരയിൽ 2-1ന് മുമ്പിലെത്തി. 52 പന്തിൽ 83 റൺസുമായി ക്രീസിൽ തിമിർത്താടിയ ജോസ് ബട്ലറുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്‍റെ വിജയലക്ഷ്യം 18.2 ഓവറിൽ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. 28 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയർസ്റ്റോ ബട്ലർക്ക് ഉറച്ച പിന്തുണ നൽകി. 9 റൺസെടുത്ത ജേസൺ റോയും 18 ഡേവിഡ് മലാനുമാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. വിക്കറ്റുകൾ തുരുതുരെ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് നങ്കൂരമിട്ട നായകൻ ആറ് വിക്കറ്റിന് 156 റൺസെന്ന മാന്യമായ നിലയിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. 46 പന്തിൽ 77 റൺസെടുത്ത കോഹ്ലിയുടെ ബാറ്റിൽ നിന്നും എട്ട് ബൗണ്ടറികളും നാല് സിക്സറുകളും പറന്നു. കോഹ്ലിയുടെ തുടർച്ചയായ രണ്ടാം അർധ ശതകമാണിത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. മോശം ഫോമിലുള്ള കെ.എൽ രാഹുൽ റൺസൊന്നുമെടുക്കാതെ വേഗം മടങ്ങി. പരമ്പരയിൽ ആദ്യമായി ബാറ്റ് ചെയ്യാനെത്തിയ രോഹിത് ശർമയും (15) നിലയുറപ്പിക്കും മുേമ്പ തിരിഞ്ഞുനടന്നു. തൊട്ടുപിന്നാലെയെത്തിയ ഇഷാൻ കിഷൻ (4), ഋഷഭ് പന്ത് (25), ശ്രേയസ് അയ്യർ (9) എന്നിവരും പരാജിതരായി. നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാർക് വുഡാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.