അഹ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു. 160 റൺസ് കടവുമായി രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയ ഇംഗ്ലണ്ടിന് ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി.
മൂന്നാം ദിനം ചായക്ക് പിരിയുേമ്പാൾ ആറിന് 91 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 19 റൺസുമായി ഡാൻ ലോറൻസും ആറ് റൺസുമായി ബെൻ ഫോക്സുമാണ് ക്രീസിൽ. ഒരുവേള ആറിന് 65 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ. 69 റൺസിന് പിറകിലാണ് ഇംഗ്ലണ്ട് ഇപ്പോൾ.
മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ആർ. അശ്വിനും അക്സർ പേട്ടലുമാണ് വീണ്ടും നാശം വിതച്ചത്. നായകൻ ജോ റൂട്ടും (30) ഒലി പോപ്പും (15) മാത്രമാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരിൽ രണ്ടക്കം കടന്നത്. സാക് ക്രൗളി (5), ഡോം സിബ്ലി (3), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (2) എന്നിങ്ങനെയാണ് പുറത്തായവരുടെ സ്കോറുകൾ.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 365 റൺസിന് അവസാനിച്ചിരുന്നു. വാലറ്റക്കാരായ ഇശാന്ത് ശർമയും മുഹമ്മദ് സിറാജും അടുത്തടുത്ത പന്തുകളിൽ റൺസെടുക്കാതെ മടങ്ങിയതോടെ വാഷിങ്ടൺ സുന്ദറിന് (96 നോട്ടൗട്ട്) അർഹിച്ച സെഞ്ച്വറി എത്തിപ്പിടിക്കാനായില്ല. അഞ്ച് പന്തിനിടെയാണ് ഇന്ത്യക്ക് അവസാന മുന്ന് വിക്കറ്റുകൾ നഷ്ടമായത്.
ഏഴുവിക്കറ്റിന് 295 റൺസെന്ന നിലയിൽ 89 റൺസ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ആറാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 113 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സുന്ദർ എട്ടാം വിക്കറ്റിൽ അക്സർ പേട്ടലിനെ ചേർത്തുപിടിച്ച് 106 റൺസ് ചേർത്തു.
43 റൺസെടുത്ത അക്സർ റണ്ണൗട്ടാവുകയായിരുന്നു. ഇശാന്തിന്‍റെയും സിറാജിന്‍റെയും വിക്കറ്റുകൾ ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാലും ജെയിംസ് ആൻഡേഴ്സൺ മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.