ലണ്ടൻ: ഓവൽ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ഉയിർത്തെഴുന്നേൽപ്പ്. നാലാംദിനം ഒടുവിൽ വിവരം ലഭിക്കുേമ്പാൾ എട്ടുവിക്കറ്റിന് 411 റൺസെന്ന കരുത്തുറ്റ നിലയിലാണ് ഇന്ത്യ. ഏകദിന ശൈലിയിലുള്ള അർധ സെഞ്ച്വറി പിന്നിട്ട് ഒരിക്കൽ കൂടി ഞെട്ടിച്ച ഷർദുൽ ഠാക്കൂറും (60) പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ഋഷഭ് പന്തുമാണ് (50) ഇന്ത്യൻ ഇന്നിങ്സിന് ഇന്ധനം നൽകിയത്. ഇന്ത്യക്ക് ഇതിനോടകം 315 റൺസ് ലീഡായി. മാന്യമായ ലക്ഷ്യമുയർത്തി വിജയത്തിലേക്ക് പന്തെറിയാനാകും ഇന്ത്യൻ ശ്രമം.
മൂന്ന് വിക്കറ്റിന് 270 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നാലാം ദിനം ആദ്യം നഷ്ടമായത് രവീന്ദ്ര ജദേജയെയാണ് (17). തൊട്ടുപിന്നാലെ അജിൻക്യ രഹാനെ റൺസൊന്നുമെടുക്കാതെ മടങ്ങി. ഇരുവരെയും ക്രിസ് വോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. വൈകാതെ വിരാട് കോഹ്ലിയും (44) പുറത്തായത് ആശങ്കയായെങ്കിലും ഋഷഭ് പന്തും ഷർദുൽ ഠാക്കൂറും ചേർന്ന് ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.
ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഠാക്കൂറിന്‍റെ ബാറ്റിൽ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്സും പിറന്നു. പക്വതയോടെ ബാറ്റേന്തിയ പന്ത് 106 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി പിന്നിട്ടത്. ഒടുവിൽ ഷർദുൽ ഠാക്കൂറിനെ ജോ റൂട്ടും പന്തിനെ മുഈൻ അലിയും പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.