ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിന് റിസർവ് ദിനമില്ല; മത്സരം നടന്നില്ലെങ്കിൽ ഫൈനലിലേക്ക് ആര്?

കിങ്സ് ടൗൺ: ട്വന്‍റി20 ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനു സമാനമായി ഇത്തവണയും ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്. 2022 ട്വന്‍റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്താണ് ഇംഗ്ലീഷുകാർ കലാശപ്പോരിന് യോഗ്യത നേടുന്നതും പാകിസ്താനെ വീഴ്ത്തി ചാമ്പ്യന്മാരാകുന്നതും.

ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ ആറിനാണ് ആദ്യ സെമി. രണ്ടാം സെമി രാത്രി എട്ടിനും. അഫ്ഗാൻ ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്‍റിന്‍റെ സെമിയിലെത്തുന്നത്. മത്സര സാഹചര്യങ്ങൾ കണക്കിലെടുത്ത് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളാണ്. ഒന്നാം സെമി ഫൈനൽ മഴമൂലം തടസ്സപ്പെടുകയാണെങ്കിൽ റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, റിസർവ് ദിനത്തിന്‍റെ ആനുകൂല്യം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് ലഭിക്കില്ല. ഗയാനയിലാണ് മത്സരം നടക്കുന്നത്.

രണ്ടാം സെമിയും ഫൈനലും തമ്മിൽ ഒരു ദിവസത്തിന്‍റെ ഇടവേള മാത്രമാണുള്ളത്. ശനിയാഴ്ച ബാർബഡോസിലാണ് കലാശപ്പോര്. പകൽ നടക്കുന്നതിനാൽ തന്നെ മഴമൂലം തടസ്സപ്പെടുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഗ‍യാനയിൽ ഏതാനും ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരവും മഴ ഭീഷണിയിലാണ്. വ്യാഴാഴ്ച 90 ശതമാനമാണ് മഴ സാധ്യത പ്രവചിക്കുന്നത്.

മഴമൂലം മത്സരം തടസ്സപ്പെടുകയും അധിക സമയത്തും പൂർത്തിയാക്കാനാകാതെ വരികയും ചെയ്താൽ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തിലാണ് രോഹിത് ശർമയും സംഘവും കലാശപ്പോരിലെത്തുക. ആദ്യ സെമി മഴമൂലം റിസർവ് ദിനത്തിലും നടക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്താൽ സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ഫൈനലിലെത്തും. ഒന്നാം സെമിക്ക് ആദ്യ ദിനം 60 മിനിറ്റ് അധിക സമയവും റിസർവ് ദിനത്തിൽ 190 മിനിറ്റ് അധിക സമയവും മത്സരം പൂർത്തിയാക്കാൻ ലഭിക്കും.

ആദ്യ ദിനം മഴ മൂലം മത്സരം തടസ്സപ്പെട്ടാൽ റിസർവ് ദിനത്തിൽ അതിന്‍റെ ബാക്കിയാണ് നടത്തുക. അല്ലാതെ ആദ്യം മുതൽ കളി തുടങ്ങില്ല.

Tags:    
News Summary - India vs England T20 World Cup Semi-final May Not Happen‍?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.