സെഞ്ചൂറിയനിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടം

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

31 ഓവറിൽ 107 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. കഗിസോ റബാദയുടെയും നാന്ദ്രെ ബർഗറിന്‍റെയും തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യൻ മുൻനിര ബാറ്റർമാരെ വേഗത്തിൽ മടക്കിയത്. ലോകകപ്പിനുശേഷം ടീമിൽ മടങ്ങിയെത്തിയ നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി. അഞ്ചു റൺസെടുത്ത താരം കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗറിന് ക്യാച്ച് നൽകി മടങ്ങി. മറ്റൊരു ഓപ്പണർ യശസ്വി ജയ്സ്വാൾ 37 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ശുഭ്മൻ ഗില്ലിനും നിലയുറപ്പിക്കാനായില്ല. രണ്ടു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 11.1 ഓവറിൽ 24 റൺസ് കൂടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ മൂന്നു മുൻനിര ബാറ്റർമാർ പുറത്തായത്. വലിയ തകർച്ചയെ നേരിട്ട ഇന്ത്യയെ സൂപ്പർബാറ്റർ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നാണ് മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

ലഞ്ചിനു പിരിയുമ്പോൾ 26 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു. പിന്നാലെ 50 പന്തിൽ 31 റൺസെടുത്ത ശ്രേയസിനെ റബാദ ക്ലീൻ ബൗൾഡാക്കി. അധികം വൈകാതെ കോഹ്ലിയും മടങ്ങി. 64 പന്തിൽ 38 റൺസെടുത്ത കോഹ്ലിയും റബാദയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. കോഹ്ലിയും ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. നിലവിൽ 33.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റൺസുമായി കെ.എൽ. രാഹുലും എട്ടു റൺസുമായി ആർ. അശ്വിനുമാണ് ക്രീസിൽ.

പ്രോട്ടീസിനായി റബാദ മൂന്നും നാന്ദ്രെ ബർഗർ രണ്ടും വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കു പകരം ആര്‍. അശ്വിനാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ടീം ദക്ഷിണാഫ്രിക്ക: ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡെ സോർസി, ടെംബ ബാവുമ (ക്യാപ്റ്റൻ), കീഗൻ പീറ്റേഴ്സൻ, ഡേവിഡ് ബേഡിങ്ങാം, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസൻ, ജെറാൾ‍‍ഡ് കോട്സീ, കഗിസോ റബാദ, നാന്ദ്രെ ബർഗർ.

Tags:    
News Summary - India vs South Africa 1st Test: India 91/3 At Lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.