എൽഗർ 185ന് പുറത്ത്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്; എട്ടിന് 396

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. നിലവിൽ 101 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 396 റൺസെടുത്തിട്ടുണ്ട്.

151 റൺസിന്‍റെ ലീഡുണ്ട്. ഡീൻ എൽഗർ 185 റൺസെടുത്താണ് പുറത്തായത്. 18 പന്തിൽ 19 റൺസെടുത്ത ജെറാള്‍ഡ് കോട്സീയുടെയും ഒമ്പത് പന്തിൽ ഒരു റണ്ണെടുത്ത കഗിസോ റബാദയുടെയും വിക്കറ്റുകളും ആതിഥേയർക്ക് നഷ്ടമായി. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ് മൂന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. 140 റൺസെടുത്ത എൽഗറും മാര്‍ക്കോ ജാൻസനുമായിരുന്നു ക്രീസിൽ.

ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് മൂന്നാംദിനം പ്രോട്ടീസിന് മേൽക്കൈ നൽകിയത്. ആറാം വിക്കറ്റിൽ 249 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 360 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് എൽഗാർ മടങ്ങിയത്. എന്നാൽ, കോട്സീയെ കൂട്ടുപിടിച്ച് ജാൻസന്‍ ദക്ഷിണാഫ്രിക്കയുടെ ലീഡുയര്‍ത്തി. 19 റണ്‍സെടുത്ത കോട്സിയെ അശ്വിന്‍ മടക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 391 റണ്‍സിലെത്തിയിരുന്നു.

അധികം വൈകാതെ റബാദയെ ബുംറ ക്ലീൻ ബൗൾഡാക്കി. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റും മുഹമ്മജ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. ഠാകൂർ, പ്രസിദ്ധ് കൃഷ്ണ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രണ്ടുദിവസം കൂടി ബാക്കി നിൽക്കെ ലീഡ് വർധിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരിക്കും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ൽ അവസാനിച്ചിരുന്നു.

കെ.എൽ. രാഹുലാണ് (101) ഇന്ത്യയുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ നാലാം ഓവറിൽ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. ഓപണർ എയ്ഡൻ മർക്രം (5) രാഹുലിന്റെ ഗ്ലൗസിലെത്തുമ്പോൾ സ്കോർ ബോർഡിൽ 11 റൺസ് മാത്രം. പകരക്കാരൻ ടോണി ഡീ സോർസിയെ കൂട്ടിന് നിർത്തി എൽഗർ ടീമിനെ കരകയറ്റി. ഒരു വിക്കറ്റിന് 49ലാണ് ലഞ്ചിന് പിരിഞ്ഞത്. എൽഗർ അർധശതകവും കടന്ന് മുന്നോട്ടുനീങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നക്കത്തിലെത്തി. പിന്നാലെ, ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി. 28 റൺസെടുത്ത സോർസിയെ ജസ്പ്രീത് ബുംറ യശസ്വി ജയ്‍സ്വാളിന്റെ കൈകളിലേക്കയച്ചു. രണ്ടിന് 104. ബുംറയുടെ അടുത്ത ഓവറിൽ ഇന്ത്യക്ക് വീണ്ടും നേട്ടം.

കീഗൻ പീറ്റേഴ്സൻ (2) ബൗൾഡായി. മൂന്നിന് 113. എൽഗറും ബെഡിങ്ഹാമും ചേർന്നതോടെ ഇന്ത്യക്ക് വിക്കറ്റ് വീണ്ടും കിട്ടാക്കനിയായി. ശാർദുൽ ഠാകുറിനെ ബൗണ്ടറിയടിച്ച് എൽഗർ 14ാം ടെസ്റ്റ് ശതകം പൂർത്തിയാക്കി. മൂന്നിന് 194ൽ നിൽക്കെ ചായക്ക്. നാലാം വിക്കറ്റ് സഖ്യം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് കൊണ്ടുപോകവെ ബെഡിങ്ഹാമിന് (56) മടക്കം. അർധ ശതകം നേടിയ താരത്തെ സിറാജ് ബൗൾഡാക്കി. ലീഡിന് ഒരു റൺ അരികിലാണ് നാലാം വിക്കറ്റ് വീണത്. വെറെയ്നെ വിക്കറ്റിന് പിറകിൽ രാഹുൽ ക്യാച്ചെടുത്തപ്പോൾ പ്രസിദ്ധ് കൃഷ്ണക്ക് കന്നി ടെസ്റ്റ് വിക്കറ്റ്. അഞ്ചിന് 249. അധികം കഴിയും മുമ്പേ വെളിച്ചക്കുറവ് വില്ലനായെത്തി.

Tags:    
News Summary - India vs South Africa 1st Test: South Africa 8 Down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.