സെഞ്ചൂറിയൻ: കടുത്ത മഴ ഭീഷണി നിലനിൽക്കുന്ന സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യൻസമയം ഉച്ചക്ക് 1.30 നാണ് മത്സരം. ഏകദിന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് വിശ്രമത്തിന് ശേഷം രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾ കളിക്കുന്ന ആദ്യം മത്സരമാണിത്.
ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യയുടെ മോഹങ്ങൾക്ക് കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്കയിലാണ് ആരാധകർ. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് 90 ശതമാനവും മഴസാധ്യതയാണ് പ്രവചിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളിലും 50 ശതമാനത്തിലധികം മഴ സാധ്യതയുള്ളതിനാൽ മത്സരം പൂർണമായും മഴയെടുക്കുമെന്നാണ് കരുതുന്നത്.
ഫിറ്റാണ് ടീം ഇന്ത്യ
ദക്ഷിണാഫ്രിക്കയിലെത്തി ട്വന്റി പരമ്പര സമനിലയിൽ പിടിക്കുകയും ഏകദിനത്തിൽ 2-1 ജയം നേടുകയും ചെയ്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. കാഗിസോ റബാഡ, ലുൻഗി എൻഗിഡി, മാർകോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി എന്നിവരുടെ പേസിന് മുമ്പിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായാൽ മത്സരം അനുകൂലമാക്കാം. കേശവ് മഹാരാജാണ് ഇവരുടെ സ്പിന്നിലെ തുറുപ്പ് ചീട്ട്. ടെംബ ബാവുമ, എയ്ഡൻ മാർക്രം, ഡീൻ എൽഗാർ, ഏകദിന പരമ്പരയിൽ തിളങ്ങിയ ടോണി ഡി സോർസി തുടങ്ങിയവർ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങിലും കരുത്തുപകരാനുണ്ട്.
ലോകകപ്പിൽ തിളങ്ങിയ മുഹമ്മദ് ഷമി പരിക്ക് കാരണം പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. എങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരുണ്ട്. മേൽപറഞ്ഞവരിൽ ആദ്യ രണ്ടുപേരുടെ സ്ഥാനം ഉറപ്പാണ്. മുകേഷ്, പ്രസിദ്ധ് എന്നിവരിലൊരാളെയും ശാർദുൽ താക്കൂറിനെയും പരീക്ഷിക്കാനും പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നറും ഓൾ റൗണ്ടറുമായ രവിചന്ദ്രൻ അശ്വിൻ പുറത്തായേക്കും. സ്പിന്നറുടെ റോൾ പൂർണമായും ഓൾ റൗണ്ടർ രവീന്ദ്ര ജദേജ നിർവഹിക്കേണ്ടിവരും.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ, ശ്രീകർ ഭരത്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ(ക്യാപ്റ്റൻ), എയ്ഡൻ മാർക്രം, ഡീൻ എൽഗർ, ടോണി ഡി സോർസി, കീഗൻ പീറ്റേഴ്സൺ, ഡേവിഡ് ബെഡിംഗ്ഹാം, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, മാർകോ ജാൻസെൻ, കേശവ് മഹാരാജ്, വിയാൻ മൾഡർ, ലുൻഗി എൻഗിഡി, കാഗിസോ റബാഡ, ട്രിസ്റ്റൻ സ്റ്റബ്സിൻ, കൈൽ വെർബ്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.