ഹാമിൽട്ടൺ: ഓപണർ സ്മൃതി മന്ദാനയുടെയും (119) മധ്യനിര ബാറ്റർ ഹർമൻപ്രീത് കൗറിന്റെയും (109) സെഞ്ച്വറിക്കരുത്തിൽ വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. വെസ്റ്റിൻഡീസിനെ 155 റൺസിനാണ് ഇന്ത്യ തകർത്തത്. മൂന്നു കളികളിൽ രണ്ടു വിജയവുമായി നാലു പോയന്റിലെത്തിയ ഇന്ത്യ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മറ്റു നാലു ടീമുകൾക്കും നാലു പോയന്റ് വീതമുണ്ടെങ്കിലും റൺശരാശരിയിലെ മുൻതൂക്കമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 317 റൺസടിച്ചുകൂട്ടിയപ്പോൾ വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ വിൻഡീസ് തുടക്കത്തിൽ ആഞ്ഞടിച്ച് 12.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നൂറു കടന്നെങ്കിലും പിന്നീട് ലക്ഷ്യം തെറ്റി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയുടെയും രണ്ടു വിക്കറ്റെടുത്ത മേഘ്ന സിങ്ങിന്റെയും കരുത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഡിയേൻഡ്ര ഡോട്ടിനും (46 പന്തിൽ 62) ഹെയ്ലി മാത്യൂസും (36 പന്തിൽ 43) ആണ് വിൻഡീസിന് മികച്ച തുടക്കം നൽകിയത്.
നേരത്തേ അഞ്ചാം സെഞ്ച്വറി നേടിയ മന്ദാനയും നാലാം ശതകം കണ്ടെത്തിയ കൗറുമാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. മന്ദാന 123 പന്തിൽ രണ്ടു സിക്സും 13 ഫോറും നേടിയപ്പോൾ കൗർ 107 പന്തിൽ രണ്ടു സിക്സും 10 ബൗണ്ടറിയും പായിച്ചു. ഇവർ നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 184 റൺസ് ലോകകപ്പിൽ ഏതു വിക്കറ്റിനും ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടാണ്.
മിതാലിക്കും ജുലാനും റെക്കോഡ്
ഹാമിൽട്ടൺ: ഇന്ത്യയുടെ മിതാലി രാജിനും ജുലാൻ ഗോസ്വാമിക്കും ലോകകപ്പ് റെക്കോഡ്. വിൻഡീസിനെതിരായ കളിയോടെ മിതാലി ലോകകപ്പിൽ കൂടുതൽ തവണ ടീമിനെ നയിച്ച താരമായപ്പോൾ ജുലാൻ ലോകകപ്പിൽ കൂടുതൽ വിക്കറ്റെടുത്ത ബൗളറായി. 24 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മിതാലി ആസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ (23) നേട്ടമാണ് മറികടന്നത്.
ഈ ലോകകപ്പിലെ ആദ്യ കളിക്കിറങ്ങിയപ്പോൾ 39കാരി ആറാം ലോകകപ്പിൽ പാഡുകെട്ടുന്ന മൂന്നാം താരവും ആദ്യ വനിതയുമായിരുന്നു. ഇന്ത്യയുടെ സചിൻ ടെണ്ടുൽക്കറും പാകിസ്താന്റെ ജാവേദ് മിയാൻദാദും മാത്രമാണ് മിതാലിക്കുപുറമെ ആറു ലോകകപ്പിൽ കളിച്ചവർ. വിൻഡീസിനെതിരായ ഒരു വിക്കറ്റ് നേട്ടത്തോടെ ലോകകപ്പിൽ 40ാം വിക്കറ്റിലെത്തിയ 39കാരിയായ ജുലാൻ ആസ്ട്രേലിയയുടെ ലിനറ്റ് ഫുൾസ്റ്റണിന്റെ (39) നേട്ടമാണ് പഴങ്കഥയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.