മൊഹാലി: അഞ്ചുവിക്കറ്റ് പിഴുത മുഹമ്മദ് ഷമിക്കുപിന്നാലെ അർധശതകങ്ങളിലേക്ക് ബാറ്റുവീശി ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്‍വാദ്, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ. ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയക്കെതിരെ അഞ്ചുവിക്കറ്റിന്റെ ആധികാരിക ജയത്തിലേക്ക് ഈ ഓൾറൗണ്ട് മികവ് ഇന്ത്യക്ക് ധാരാളമായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങി ഓസീസ് മുന്നോട്ടുവെച്ച 277 റൺസ് വിജയലക്ഷ്യം എട്ടുപന്തു ബാക്കിയിരിക്കെ ഇന്ത്യ അതിസമ്മർദങ്ങളൊന്നുമില്ലാതെ എത്തിപ്പിടിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ ഇതോടെ 1-0ത്തിന് മുന്നിലെത്തി.
ഒന്നാം വിക്കറ്റിൽ ഗെയ്ക്‍വാദ്-ഗിൽ ജോടി കെട്ടിപ്പടുത്ത 142 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടത്. 15.2 ഓവറിൽ നൂറുകടന്ന ഇന്നിങ്സ് 22-ാം ഓവറിലെത്തിയപ്പോൾ ആഡം സാംപയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് ഗെയ്ക്ക്‍വാദ് (71) പുറത്തായത്. 77പന്തിൽ പത്തു ഫോറുകളടങ്ങിയതായിരുന്നു ഇന്നിങ്സ്. ആറു റൺസ് കൂടി കൂട്ടിച്ചേർക്കുംമുമ്പ് ശ്രേയസ് അയ്യർ (മൂന്ന്) റണ്ണൗട്ടായി. സ്കോർ 151ലെത്തിയപ്പോൾ ഗില്ലും മടങ്ങി. 110 പന്തിൽ ആറു ഫോറും രണ്ടു സിക്സുമടക്കം 74ലെത്തിയ ഗില്ലിനെ സാംപ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
ഇഷാൻ കിഷൻ (26 പന്തിൽ 18) നിലയുറപ്പിക്കുംമുമ്പെ മടങ്ങിയതോടെ സ്കോർ നാലിന് 185. ആസ്ട്രേലിയ പ്രതീക്ഷവെച്ച ഈ ഘട്ടത്തിൽ രാഹുലും (63 പന്തിൽ 54 നോട്ടൗട്ട്) സൂര്യകുമാറും (49 പന്തിൽ 50) 80 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ രക്ഷക്കെത്തി. സ്കോർ 265ൽ നിൽക്കെ യാദവിനെ അബോട്ട് പുറത്താക്കിയശേഷം മൂന്നുറൺസെടുത്ത രവീന്ദ്ര ജദേജ അഭേദ്യനായി രാഹുലിനൊപ്പം ക്രീസിലുണ്ടായിരുന്നു. ജയിക്കാൻ പത്തുപന്തിൽ ആറു റൺസ് വേണ്ട ഘട്ടത്തിൽ തുടരെ ഫോറും സിക്സും പറത്തിയാണ് നായകൻ കൂടിയായ രാഹുൽ വിജയം പിടിച്ചെടുത്തത്.
ഷമിയാണ് മാൻ ഓഫ് ദ മാച്ച്. പത്തോവറിൽ 51 റൺസ് വഴങ്ങിയാണ് ഷമി അഞ്ചുപേരെ തിരിച്ചയച്ചത്. 2007ൽ സഹീർ ഖാനുശേഷം ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളർ സ്വന്തം നാട്ടിൽ അഞ്ചുവിക്കറ്റ് നേട്ടം കൊയ്യുന്നത് ഇതാദ്യമാണ്. ഏകദിനത്തിൽ ഷമിയുടെ രണ്ടാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. അർധശതകം നേടിയ ഡേവിഡ് വാർണറാണ് (53 പന്തിൽ 52) സന്ദർശകരുടെ ടോപ്സ്കോറർ. ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, രവിചന്ദ്ര അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോർബോർഡിൽ നാലു റൺസ് മാത്രമിരിക്കേ, മിച്ചൽ മാർഷിനെ (നാല്) ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചിരുന്നു. എന്നാൽ, പിന്നീട് ജാഗ്രതയോടെ നിലയുറപ്പിച്ച വാർണറും സ്റ്റീവൻ സ്മിത്തും (60 പന്തിൽ 41) ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ 18.2 ഓവറിൽ ഒരു വിക്കറ്റിന് 98 റൺസെന്ന നിലിയിലായിരുന്നു ആസ്ട്രേലിയ. വാർണറെ പുറത്താക്കി ജദേജയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. വീണ്ടും ഗില്ലിന്റെ ക്യാച്ച്. ആറു ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു വാർണറുടെ അർധശതകം.
വൈകാതെ സ്മിത്തിനെ ഷമി പുറത്താക്കിയതോടെ ഓസീസ് മൂന്നിന് 112 റൺസെന്ന നിലയിലായി. മികച്ച തുടക്കം കിട്ടിയ മാർനസ് ലബുഷെയ്നെ (49 പന്തിൽ 39 റൺസ്) അശ്വിന്റെ ബൗളിങ്ങിൽ കെ.എൽ. രാഹുൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. കമറോൺ ഗ്രീൻ (52 പന്തിൽ 31), ജോഷ് ഇംഗ്ലിസ് (45 പന്തിൽ 45), മാർകസ് സ്റ്റോയിനിസ് (21 പന്തിൽ 21) എന്നിവരും ചെറുത്തുനിന്നപ്പോൾ ആസ്ട്രേലിയ 41.5 ഓവറിൽ 200 കടന്നു. സ്റ്റോയിനിസിനെയും മാത്യൂ ഷോർട്ടിനെയും (രണ്ട്) തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ഷമി അതേ ഓവറിൽ സീൻ അബോട്ടിനെ ക്ലീൻ ബൗൾഡാക്കിയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. അവസാന ഘട്ടത്തിൽ ഒമ്പതു പന്തിൽ രണ്ടുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ വെടിക്കെട്ടാണ് സന്ദർശക സ്കോർ 270 കടത്തിയത്. അവസാന പന്തിൽ മൂന്നാം പന്തിനോടിയ ആദം സാംപ റണ്ണൗട്ടിൽ കുരുങ്ങിയതോടെ ആസ്ട്രേലിയ ഓൾഔട്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.