ഓരോ പരമ്പര കഴിയുന്തോറും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തലവേദനയാകുന്നത് ബൗളിങ് നിരയുടെ പോരായ്മയാണ്. ഏഷ്യ കപ്പിൽ പാകിസ്താനോടും ശ്രീലങ്കയോടും പരാജയപ്പെട്ടതും പിന്നീട് ട്വന്‍റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റ് തോൽവിയുമെല്ലാം വിരൽചൂണ്ടിയത് ബൗളിങ് നിരയുടെ മൂർച്ചക്കുറവിലേക്ക് തന്നെയാണ്.
ഇത് അടിവരയിടുന്നതായിരുന്നു ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോൽവി. 306 റൺസെന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയിട്ടും പ്രതിരോധിക്കാൻ ബൗളർമാർക്കായില്ല. ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്‍റെ ജയം.
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെ ബൗളിങ് നിരയുടെ ശക്തിക്കുറവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് പഴയ മൂർച്ചയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മുൻ താരവും ഓപ്പണറുമായിരുന്ന സൽമാൻ ഭട്ട്. മീഡിയം പേസർമാരെ മാത്രം ആശ്രയിക്കുന്ന ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ രീതി എപ്പോഴും നല്ലതായിരിക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
(സൽമാൻ ഭട്ട്)
'ഫാസ്റ്റ് ബൗളർമാരെ കൊണ്ടുവന്ന് അവരെ ഉപയോഗപ്പെടുത്തണോ അതോ ഇപ്പോഴത്തെ പോലെ മീഡിയം പേസർമാരിൽ മാത്രമായി നിൽക്കണോ എന്ന കാര്യത്തിൽ ഇന്ത്യ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വേഗതയുള്ള ബൗളർമാർക്ക് എന്തുകൊണ്ട് അവസരം നൽകി അനുഭവസമ്പന്നരാക്കുന്നില്ല. 130 കിലോമീറ്ററിൽ പന്തെറിയുന്ന, നിരന്തരം പരീക്ഷിച്ചവർക്ക് തന്നെ അവസരം നൽകുമ്പോൾ മാറ്റമൊന്നും സംഭവിക്കുന്നതായി കാണാനാകുന്നില്ല' -തന്‍റെ യുട്യൂബ് ചാനലിൽ സൽമാൻ ഭട്ട് പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഉമ്രാൻ മാലികിനൊഴികെ മറ്റാർക്കും ബാറ്റർമാർക്ക് ഭീഷണിയാകാൻ കഴിഞ്ഞിട്ടില്ലെന്ന് ഭട്ട് ചൂണ്ടിക്കാട്ടി. ഉമ്രാൻ മാലിക് നല്ല പേസിൽ പന്തെറിഞ്ഞു. അദ്ദേഹം റൺസ് വഴങ്ങിയത് ആ വേഗത കാരണമാണ്. എന്നാൽ വിക്കറ്റുകളെടുക്കാനായി. അവസാന മൂന്ന് ഓവറുകൾ മാറ്റിനിർത്തിയാൽ മറ്റുള്ളവരുടെയത്ര റൺസ് ഉമ്രാൻ വിട്ടുനൽകിയിട്ടില്ല. മറ്റ് ബൗളർമാരെല്ലാം ശരാശരിയായിരുന്നു. നല്ല ഒരു ബാറ്റിങ് പിച്ചിൽ ഇന്ത്യൻ ബൗളിങ് നിരയുടെ ശക്തി വളരെ പരിമിതമാണ്. 280നും 320നും ഇടയിൽ റൺസ് എടുത്താൽ പ്രതിരോധിക്കാനാകുന്നില്ല. 370 റൺസെടുത്താലേ ഇന്ത്യക്ക് ജയിക്കാനാകുന്നുള്ളൂ -സൽമാൻ ഭട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.