ഇന്ത്യൻ ടാക്സി ഡ്രൈവറു​ടെ മകൻ ഓസീസ് ലോകകപ്പ് ടീമിൽ; ആരാണ് തൻവീർ സാംഘ?

സിഡ്നി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ആസ്ട്രേലിയയുടെ സാധ്യതാ ടീമിൽ ഇടംപിടിച്ചവരിൽ ഇന്ത്യൻ വംശജനും. ലെഗ് സ്പിന്നർ തൻവീർ സാംഘയാണ് 18 അംഗ ടീമിൽ ഇടംനേടിയത്. 1997ൽ ജലന്ധറിന് സമീപത്തെ റഹിംപുരിൽനിന്ന് സിഡ്നിയിലേക്ക് കുടിയേറിയ ജോഗ് സിങ് സാംഘയുടെ മകനാണ് 21കാരനായ തൻവീർ. സിഡ്നിയിൽ ടാക്സി ഡ്രൈവറാണ് ജോഗ് സിങ് സാംഘ. മാതാവ് ഉപനീത് അക്കൗണ്ടന്റാണ്.

2020ലെ അണ്ടർ 19 ലോകകപ്പിൽ 15 വിക്കറ്റുമായി ആസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു തൻവീർ സാംഘ. ബിഗ്ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനായി കളത്തിലിറങ്ങിയ താരം 2020-21 സീസണിൽ 21 വിക്കറ്റ് വീഴ്ത്തി ശ്ര​ദ്ധ നേടി. അടുത്ത സീസണിൽ 16 വിക്കറ്റ് വീഴ്ത്തിയെങ്കിലും പരിക്ക് കാരണം ടീമിന് പുറത്തായത് തിരിച്ചടിയായി. 2021ൽ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ട്വന്റി 20 ടീമിൽ ഇടം പിടിച്ചിരുന്നു.

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ആസ്ട്രേലിയൻ ടീമിൽ മുന്‍നിര ബാറ്റർ മാര്‍നസ് ലബൂഷാനെ ഉൾപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ നടക്കുന്ന ഏകദിന പരമ്പരകളിലും ഈ സംഘമാണ് കളിക്കുക. ലോകകപ്പിനുമുമ്പ് 15 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിക്കും.

ലോകകപ്പിനുള്ള ആസ്ട്രേലിയൻ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, അലക്‌സ് കാരി, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹാസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സംഘ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മാർകസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Tags:    
News Summary - Indian taxi driver's son in Aussie team for World Cup; Who is Tanveer Sangha?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.